യുവജനങ്ങളെ വഞ്ചിച്ച കേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം വോട്ടായി മാറും; യുഡിവൈഎഫ്
പാലക്കാട്: യുവജനങ്ങളുടെ വോട്ട് യുഡിഎഫിന് ലഭിക്കുമെന്ന് യുഡിവൈഎഫ്. യുവജനങ്ങളെ വഞ്ചിച്ച കേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം വോട്ടായി മാറും അത് യുഡിഎഫിന് അനുകൂലമാകുമെന്നും സംയുക്ത വാർത്ത സമ്മേളനത്തിൽ യുഡിവൈഎഫ് നേതാക്കൾ പറഞ്ഞു. റെയിൽവേ ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാർ മേഖലകളിൽ നിയമനം നടക്കുന്നില്ല. പി എസ് സിയുടെ വിശ്വാസ്യത നഷ്ടമായിരിക്കുന്നു. ഒന്നാം റാങ്ക് കാരനും പോലും നിയമനം ലഭിക്കുന്നില്ല. കണ്ണൂർ ജില്ലാ പ്രസിഡന്റ് പി പി ദിവ്യ ഒരു ഉദ്യോഗസ്ഥനെ മരണത്തിലേക്ക് തള്ളിവിട്ടിട്ട് ഒരു നടപടിയും ഉണ്ടായിട്ടില്ല. ദിവ്യയ്ക്ക് സംരക്ഷണം നൽകുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണ്. കുറ്റവാളികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയും ഓഫീസും ജനാധിപത്യ രീതിയിൽ സമരം ചെയ്ത രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. പൊലീസ് സമീപനം നീതിക്ക് നിരക്കാത്തതാണ്. രാഹുലിന്റെ സാന്നിധ്യം പോലും സിപിഎമ്മിനെ ഭയപ്പെടുത്തുകയാണ്. ഇത് ബിജെപി-സിപിഎം ഡീലിന്റെ ഭാഗമായി ആണ്. പൊലീസിന് ഇരട്ട നീതിയാണ്. കൃപേഷിനെയും ശരത് ലാലിനെയും ഒക്കെ ഇല്ലാതാക്കിയ പാർട്ടി ആണ് സിപിഎം. അവരുമായി ചങ്ങാത്തം കൂടുവാൻ സരിന് എങ്ങനെ കഴിഞ്ഞുവെന്ന് മനസിലാകുന്നില്ല. യഥാർത്ഥ ഇടത് മനോഭാവം ഉള്ളവരുടെ വോട്ട് യുഡിഎഫിനു കിട്ടും. ഒറ്റുകാരൻ ആയതിന്റെ കുറ്റബോധം ആണ് സരിനെ മൺമറഞ്ഞ കോൺഗ്രസ് നേതാക്കളുടെ കുഴിമാടത്തിലേക്ക് എത്തിക്കുന്നത്. വർഗീയതയും മതേതരത്വവും തമ്മിലുള്ള പോരാട്ടം ആണ് ഇവിടെ. അതിൽ അന്തിമ വിജയം മതേതര മുന്നണിയ്ക്ക് ആകും. വലിയ യുവജന മുന്നേറ്റം രാഹുലിന് അനുകൂലമായി പാലക്കാട് ഉണ്ട്. അതിന്റെ പ്രകടനമായ ഫലമാകും പാലക്കാട് നിന്നും വരുകയെന്നും നേതാക്കൾ പറഞ്ഞു.
യൂത്ത്ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്, ടി പി അഷ്‌റഫലി, യൂത്ത്കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അബിൻ വർക്കി, പി എസ് അനുതാജ്, ഒ ജെ ജനീഷ്, അരിത ബാബു, ഷിബിന വി കെ, ആർവൈഎഫ് സംസ്ഥാന സെക്രട്ടറി വിഷ്ണു മോഹൻ, സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ, യുവജനതാദൾ സംസ്ഥാന പ്രസിഡന്റ് യുസഫ് അലി മടവൂർ, കെ യു ഇർഷാദ്,
യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു.