സംസ്ഥാന സ്കൂൾ കായികമേള സമാപന വേദിയിൽ പ്രതിഷേധം, സംഘർഷം; വിദ്യാർഥികൾക്ക് പൊലീസ് മർദ്ദനം
കൊച്ചി: സംസ്ഥാന സ്കൂൾ കായികമേള സമാപന വേദിയിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. പ്രതിഷേധിച്ച വിദ്യാർത്ഥികളെ പോലീസ് മർദ്ദിച്ചു എന്നും ആരോപണം.. സ്പോർട്സ് സ്കൂളുകളെ കിരീടത്തിന് പരിഗണിച്ചതിലാണ് പ്രതിഷേധമുണ്ടായിരിക്കുന്നത്. നാവാമുകുന്ദ, മാർ ബേസിൽ സ്കൂളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ജിവി രാജ സ്കൂളിന് രണ്ടാം സ്ഥാനം നൽകിയതിന് പിന്നിൽ ഉദ്യോഗസ്ഥരുടെ കളിയുണ്ടെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. സംഘർഷത്തെ തുടർന്ന് പൊലീസും വിദ്യാർത്ഥികളും തമ്മിൽ കയ്യാങ്കളിയിലെത്തി. സമാപന ചടങ്ങിന്റെ വേദിയിൽ വിദ്യാഭ്യാസ മന്ത്രി ഇരിക്കെയാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി എത്തിയത്. മന്ത്രിയെ തടഞ്ഞുള്ള പ്രതിഷേധമാണ് നടന്നത്. തുടര്‍ന്ന് മന്ത്രി വി ശിവന്‍കുട്ടിയെ പൊലീസ് വേദിയില്‍ നിന്ന് മാറ്റി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സമാപന ചടങ്ങ് വേഗത്തിൽ അവസാനിപ്പിച്ചു. അതേ സമയം, പൊലീസ് മര്‍ദിച്ചെന്ന് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തി. ലഭിച്ച ട്രോഫി തിരിച്ചു കൊടുക്കാമെന്ന് രണ്ടാം സ്ഥാനം ലഭിച്ച ജി വി രാജ സ്കൂള്‍ അറിയിച്ചു. സ്കൂള്‍ മേളയുടെ വെബ്സൈറ്റില്‍ രണ്ടാം സ്ഥാനം നാവാമുകുന്ദക്ക് എന്നാണ് നല്‍കിയിരിക്കുന്നത്. ജി വി രാജയെ ഉള്‍പ്പെടുത്തിയത് പ്രത്യേകമായിട്ടാണ്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ദേശീയ സ്കൂള്‍ കായിക മേള ബഹിഷ്കരിക്കുമെന്ന് മാര്‍ ബേസില്‍ സ്കൂള്‍ അറിയിച്ചു