നെൽക്കർഷകരുടെ പി.ആർ.എസ്.വായ്പയും സിബിൽ സ്കോറും: ബാങ്കുകളുടെ തീരുമാനം വൈകുന്നു
രണ്ടു മാസം മുൻപ് സംഭവിച്ച കെ.ജി.പ്രസാദെന്ന കുട്ടനാടൻ കർഷകൻ്റെ ആത്മഹത്യയോടെയാണ് നെൽക്കർഷകരുടെ പി.ആർ.എസ്. (പാഡി റസീപ്റ്റ് ഷീറ്റ് ) വായ്പയും സി ബിൽ (CIBIL) സ്കോറും തമ്മിലുള്ള ബന്ധം വാർത്തയായത്. നെൽക്കൃഷിക്കായി നൽകപ്പെടുന്ന പി.ആർ.എസ്.വായ്പ കർഷകരുടെ സിബിൽ സ്കോർ കുറയ്ക്കുന്നതിനാൽ അവർക്ക് കാര്യമായ ബുദ്ധിമുട്ടുണ്ടാകുന്നുവെന്ന് കർഷകർ പറയുന്നു. അതിനാൽ പി.ആർ.എസ്. ,സിബിൽ സ്കോറിനെ ബാധിക്കാതിരിക്കാനുള്ള നടപടിയെടുക്കണമെന്ന് സംസ്ഥാന സർക്കാരും ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നു.എന്നാൽ ഇത്തരമൊരു തീരുമാനമെടുക്കാൻ ബാങ്കുകളുടെ കേന്ദ്ര ഓഫീസുകളാടെ അനുമതി വേണ്ടതിനാലാണ് കാലതാമസമെന്നാണ് കരുതപ്പെടുന്നത്. എന്തായാലും പി.ആർ.എസ് വായ്പയുടെ തിരിച്ചടയ്ക്കുന്നതു മുടങ്ങിയാൽ കർഷകരുടെ സിബിൽ സ്കോർ താഴുന്നതും അതു കാരണം മറ്റു വായ്പകൾ ലഭിക്കാതെ വരുന്നതും കർഷകരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
സർക്കാരിനായി സപ്ലൈകോ കർഷകരിൽ നിന്ന് നെല്ല് സംഭരിക്കുമ്പോൾ പണത്തിനു പകരമായി നല്‍കുന്ന റസീപ്റ്റ് ആണ് പാഡി റെസീപ്റ്റ് ഷീറ്റ് അഥവാ പിആര്‍എസ്. സര്‍ക്കാര്‍ നല്‍കുന്ന പാഡി റെസീപ്റ്റ്, പി ആര്‍ എസ് സ്‌കീം ഉള്ള ബാങ്കില്‍ കൊടുക്കുമ്പോൾ കര്‍ഷകന്റെ അക്കൗണ്ടിലേക്ക് തുക അപ്പോള്‍ തന്നെ ബാങ്ക് നല്‍കുന്നു. . പിന്നീട് കര്‍ഷകന് നല്‍കേണ്ടിയിരുന്ന പണം സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നല്‍കുമ്പോള്‍ കര്‍ഷകരുടെ പേരിലുള്ള വായ്പ തീരുന്നു.കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതങ്ങൾ ചേരുന്നതാണ് ഈ തുക. പി.ആർ.എസ് വായ്പ എടുക്കുന്നതുകൊണ്ടല്ല,തുക കുടിശികയാകുമ്പോൾ സിബിൽ സ്കോറിനെ ബാധിക്കുന്നതാണ് നിലവിലെ പ്രശ്നം.സിബില്‍ റിപ്പോര്‍ട്ടിലെ വായ്പകളുടെ ഹിസ്റ്ററി പരിശോധിച്ചാണ് ഒരു വ്യക്തിക്ക് സ്‌കോര്‍ നല്‍കുന്നത്. ഒരു നിശ്ചിത കാലയളവില്‍ വിവിധ വായ്പകളായി വിവിധ സ്ഥാപനങ്ങളിലുള്ള ഒരു വ്യക്തിയുടെ വായ്പാ തിരിച്ചടവിൻ്റെ റിപ്പോർട്ടാണിത്.