മിനിറ്റുകൾ വൈകി എന്ന കാരണത്താൽ അവസരം നഷ്ടപ്പെട്ട് പിഎസ്‌സി ഉദ്യോഗാർഥികൾ
കൊല്ലങ്കോട്: മഴക്കെടുതിയിലും യാത്രാ തടസ്സം മറികടന്നു പിഎസ്‌സി പരീക്ഷയെഴുതാനെത്തിയിട്ടും മിനിറ്റുകളുടെ വ്യത്യാസം പറഞ്ഞ് ഉദ്യോഗാർഥികളുടെ അവസരം നക്ഷ്ടപെടുത്തി അധികൃതർ. ജില്ലയിലെ നൂറിലേറെ പേർക്കാണു പരീക്ഷ എഴുതാനുള്ള അവസരം നഷ്ടപ്പെട്ടത്. കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ എൽഡി ക്ലാർക്ക്/അക്കൗണ്ടന്റ്/കാഷ്യർ/ ക്ലാർക്ക് കം അക്കൗണ്ടന്റ്/ 2 ഗ്രേഡ് അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള പരീക്ഷ ഇന്നലെ രാവിലെ 7:15 മുതൽ 9:15 വരെയായിരുന്നു. ഇതിൽ ആദ്യ അര മണിക്കൂർ രേഖകൾ പരിശോധിച്ച് ഉറപ്പു വരുത്തുന്നതിനുള്ളതാണ്.തിങ്കളാഴ്ച രാത്രിയിലെ ശക്തമായ മഴയെ തുടർന്നു പ്രധാന റോഡുകളിലെ വെള്ളക്കെട്ടും ബസുകൾ ഉൾപ്പെടെയുള്ള യാത്ര സൗകര്യങ്ങൾ ഇല്ലാതായതും മറികടന്നു പരീക്ഷയ്ക്കെത്തിയ ഉദ്യോഗാർഥികൾക്കാണ് മിനിറ്റുകൾ വൈകി എന്ന കാരണത്താൽ പരീക്ഷാ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിഷേധിച്ചത്. കാലവർഷക്കെടുതി നിലനിൽക്കുന്ന സാഹചര്യത്തിലും 7: 15 നു തന്നെ പരീക്ഷാ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം അവസാനിപ്പിക്കുകയായിരുന്നു.കൊല്ലങ്കോട്, എലവഞ്ചേരി എന്നിവിടങ്ങളിൽ റോഡ് കാണാത്ത വിധത്തിലുള്ള വെള്ളക്കെട്ട് കാരണം ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു. നെന്മാറയിലെ സ്വാശ്രയ കോളജ് പരീക്ഷാ കേന്ദ്രമായിട്ടുള്ളവർ നാട്ടുകാരുടെ സഹായത്തോടെ ലോറികളിലും മറ്റും കയറി പരീക്ഷാ കേന്ദ്രങ്ങളിലെത്തിയെങ്കിലും പിഎസ്‌സി അധികൃതർ ഇവരെ പ്രവേശിപ്പിക്കാൻ തയാറായില്ല. പെൺകുട്ടികൾ ഉൾപ്പെടെ മുപ്പതോളം പേർക്കാണ് ഇവിടെ മാത്രം അവസരം നഷ്ടമായതെന്ന് ഉദ്യോഗാർഥികൾ വ്യക്തമാക്കി.