For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ചാമ്പ്യന്‍സ് ലീഗില്‍ പി എസ് ജിക്ക് വിജയം

03:48 PM Feb 15, 2024 IST | Online Desk
ചാമ്പ്യന്‍സ് ലീഗില്‍ പി എസ് ജിക്ക് വിജയം
Advertisement

പാരിസ്: ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറിന്റെ ആദ്യപാദത്തില്‍ ജയം പിടിച്ച് പാരിസ് സെന്റ് ജെര്‍മെയ്ന്‍ (പി.എസ്.ജി). സ്‌പെയിനില്‍ നിന്നുള്ള റയല്‍ സൊസീഡാഡിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഫ്രഞ്ച് ചാമ്പ്യന്മാര്‍ തകര്‍ത്തുവിട്ടത്. പി.എസ്.ജിക്കായി സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയും ബ്രാഡ്‌ലി ബാര്‍കോളയുമാണ് ഗോളുകള്‍ നേടിയത്. കണങ്കാലിലെ പരിക്ക് കാരണം കഴിഞ്ഞ മത്സരം എംബാപ്പെക്ക് കളിക്കാനായിരുന്നില്ല.

Advertisement

ആദ്യ മിനിറ്റില്‍ തന്നെ പി.എസ്.ജി ഗോള്‍മുഖത്ത് സൊസീഡാഡ് ഭീഷണിയുയര്‍ത്തിയെങ്കിലും ഷോട്ട് പോസ്റ്റിനോട് ചേര്‍ന്ന് പുറത്തുപോവുകയായിരുന്നു. ആറാം മിനിറ്റില്‍ എംബാപ്പെ പന്തുമായി കുതിച്ചെങ്കിലും ഗോള്‍കീപ്പറെ മറികടക്കാനായില്ല. ആദ്യപകുതിയുടെ അവസാന മിനിറ്റില്‍ സൊസീഡാഡ് നായകന്‍ മെറിനോയുടെ തകര്‍പ്പന്‍ ഷോട്ട് ക്രോസ് ബാറില്‍ തട്ടി പുറത്തുപോയത് പി.എസ്.ജി ക്യാമ്പിന് ആശ്വാസമായി.

ഗോളൊഴിഞ്ഞ ആദ്യപകുതിക്ക് ശേഷം എംബാപ്പെയിലൂടെയാണ് പാരിസുകാര്‍ മുന്നിലെത്തിയത്. 58ാം മിനിറ്റില്‍ ഡെംബലെ എടുത്ത കോര്‍ണര്‍ കിക്ക് മാര്‍ക്വിഞ്ഞോസിന്റെ ദേഹത്ത് തട്ടി തെറിച്ചപ്പോള്‍ പോസ്റ്റിലേക്ക് വഴിതിരിച്ചുവിടേണ്ട ചുമതല മാത്രമേ എംബാപ്പെക്ക് ഉണ്ടായിരുന്നുള്ളൂ. അഞ്ച് മിനിറ്റിനകം എംബാപ്പെ രണ്ടാം ഗോളിനടുത്തെത്തിയെങ്കിലും തകര്‍പ്പന്‍ ഷോട്ട് ഗോള്‍കീപ്പര്‍ റൊമേരൊ മുഴുനീള ഡൈവിലൂടെ തട്ടിത്തെറിപ്പിച്ചു. 70ാം മിനിറ്റില്‍ രണ്ടാം ഗോളും പിറന്നു. ഫാബിയന്‍ റൂയിസ് നല്‍കിയ പാസ് സ്വീകരിച്ച് ഇടതു വിങ്ങിലൂടെ മുന്നേറിയ ബ്രാഡ്‌ലി ബാര്‍കോള ഡിഫന്‍ഡര്‍മാരെ വെട്ടിച്ച് ഉജ്വലമായി ഫിനിഷ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് അസന്‍സിയോക്കും ഗോളവസരം ലഭിച്ചെങ്കിലും ഗോള്‍കീപ്പര്‍ കൈയിലൊതുക്കി. മാര്‍ച്ച് അഞ്ചിന് സ്‌പെയിനിലാണ് രണ്ടാംപാദ മത്സരം.

Author Image

Online Desk

View all posts

Advertisement

.