പൂനെ കാര്‍ അപകടം : രക്ത സാമ്പിളില്‍ കൃത്രിമം കാണിച്ച ഡോക്ടര്‍മാരെ അറസ്റ്റു ചെയ്തു
പൂനെ: പൂനെ കാര്‍ അപകട കേസില്‍ കൗമാരക്കാരന്റെ രക്ത സാമ്പിളുകളുടെ ഫലത്തില്‍ കൃത്രിമം കാണിച്ച പൂനെ സാസൂണ്‍ ജനറല്‍ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഡോ. അജയ് താവ്രെ, ഡോ. ഹരി ഹാര്‍നോര്‍ എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. രക്ത സാമ്പിളുകളയുടെ ഫലത്തില്‍ കൃത്രിമം കാണിച്ചു, തെളിവുകള്‍ നശിപ്പിച്ചു എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഡോക്ടര്‍മാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്.
ഇപ്പോള്‍ ഒബ്‌സര്‍വേഷന്‍ ഹോമില്‍ കഴിയുന്ന കൗമാരക്കാരന്റെ രക്ത പരിശോധനയില്‍ മദ്യത്തിന്റെ അംശം നെഗറ്റീവ് ആണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, അപകടം നടന്ന അന്നുരാത്രി കൗമാരക്കാരന്‍ പോയ ബാറുകളില്‍ ഒന്നിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ ഇയാള്‍ സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുന്ന ദൃശ്യങ്ങള്‍ ഉണ്ട്.ഇടുങ്ങിയ റോഡിലൂടെ അമിതവേഗതയില്‍ മദ്യപിച്ച് വാഹന ഓടിച്ചാല്‍ അപകടമുണ്ടാകുമെന്ന പൂര്‍ണ ബോധ്യത്തോടെയാണ് കൗമാരക്കാരന്‍ ഇങ്ങനെ ചെയ്തതെന്നും പൊലീസ് കമ്മിഷണര്‍ അമിതേഷ് കുമാര്‍ പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം കൗമാരക്കാരന്റെ മുത്തച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വാഹനമോടിച്ചത് താനാണെന്ന് പറയാന്‍ ഡ്രൈവറെ നിര്‍ബന്ധിച്ച കുറ്റത്തിനാണ് സുരേന്ദ്ര അഗര്‍വാളിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മേയ് 19നായിരുന്നു കൗമാരക്കാരന്‍ മദ്യപിച്ച് അമിത വേഗതയില്‍ ഓടിച്ച കാര്‍ ഇടിച്ച് രണ്ട് ഐ.ടി പ്രൊഫെഷനലുകള്‍ കൊല്ലപ്പെട്ടത്.