കര്‍ഷക പ്രതിഷേധത്തില്‍ ഇടപെട്ട് പഞ്ചാബ്-ഹരിയാന ഹൈക്കോടതി
കര്‍ഷക പ്രതിഷേധത്തില്‍ ഇടപെട്ട് പഞ്ചാബ്-ഹരിയാന ഹൈക്കോടതി
ഛണ്ഡിഗഢ്: ഡല്‍ഹി ലക്ഷ്യമാക്കി കര്‍ഷകരുടെ മാര്‍ച്ച് നീങ്ങുന്നതിനിടെ വിഷയത്തില്‍ ഇടപെട്ട് പഞ്ചാബ്-ഹരിയാന ഹൈകോടതി. ഇരുകക്ഷികളും ഒത്തുതീര്‍പ്പിലെത്തണമെന്ന് ഹൈകോടതി നിര്‍ദേശിച്ചു. മിനിമം താങ്ങുവില ഉറപ്പാക്കാന്‍ നിയമം പാസാക്കണമെന്നതാണ് കര്‍ഷകരുടെ പ്രധാന ആവശ്യം.
ആക്ടിങ് ചീഫ് ജസ്റ്റിസ് ജി.എസ്.സന്ദ്‌വാലിയ, ജസ്റ്റിസ് ലാപിത ബാനര്‍ജി എന്നിവരാണ് ഇതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ചത്. പ്രശ്‌നത്തില്‍ ഒത്തുതീര്‍പ്പില്‍ എത്തുന്നത് വരെ പ്രതിഷേധസ്ഥലങ്ങള്‍ സംസ്ഥാന സര്‍ക്കാറുകള്‍ നിശ്ചയിക്കണമെന്നും കോടതി നിര്‍ദേശമുണ്ട്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനും പഞ്ചാബ്, ഹരിയാന, ഡല്‍ഹി സര്‍ക്കാറുകള്‍ക്കും കോടതി നോട്ടീസയച്ചിട്ടുണ്ട്.
കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് രണ്ട് ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലേക്ക് എത്തിയത്. ഇതിലൊന്ന് കര്‍ഷകര്‍ ഡല്‍ഹിയില്‍ എത്താതിരിക്കാനായി ഹരിയാന സര്‍ക്കാര്‍ നിയമവിരുദ്ധമായി റോഡ് അടച്ചതിന് എതിരെയാണ്. മറ്റൊരു ഹര്‍ജിപ്രതിഷേധക്കാര്‍ സംസ്ഥാന-ദേശീയ ഹൈവേകള്‍ ബ്ലോക്ക് ചെയ്യുന്നതിനെതിരായാണ്.
പ്രതിഷേധം നടത്തുന്നവര്‍ ഇന്ത്യക്കാരാണ് അവര്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശമുണ്ട്. അതേസമയം, തന്നെ സ്വന്തം പൗരന്‍മാരെ സംരക്ഷിക്കാനുള്ള കടമ സംസ്ഥാന സര്‍ക്കാറിനും ഉണ്ടെന്ന് കോടതി ഓര്‍മിപ്പിച്ചു. പ്രശ്‌നത്തില്‍ തുറന്ന ചര്‍ച്ചക്ക് തയാറാണെന്ന് കേന്ദ്രസര്‍ക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. തുടര്‍ന്ന് ഹര്‍ജികള്‍ ഫെബ്രുവരി 15ന് പരിഗണിക്കാനായി മാറ്റി.