'ഇത്രയ്ക്ക് അടിമയാകരുത്'; പി വി അൻവറിനെതിരെ പ്രതിഷേധം ശക്തം
കൊച്ചി: രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച സിപിഎം നേതാവും എംഎൽഎയുമായ പി വി അൻവറിനെതിരെ പ്രതിഷേധം ശക്തം. അങ്ങേയറ്റം നീചമായ പരാമർശമാണ് രാഹുൽഗാന്ധിക്കെതിരെ അൻവർ നടത്തിയത്. ഡിഎന്‍എ പരിശോധിച്ച് രാഹുലിൻ്റെ പാരമ്പര്യം ഉറപ്പാക്കണമെന്നായിരുന്നു പി വി അന്‍വറിന്റെ പരാമര്‍ശം. ഗാന്ധി എന്ന പേര് കൂടെ ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുല്‍ ഗാന്ധി എന്നും പി വി അന്‍വര്‍ പറഞ്ഞിരുന്നു. 'നെഹ്‌റു കുടുംബത്തില്‍ ഇങ്ങനെയൊരു മനുഷ്യന്‍ ഉണ്ടാവുമോ? നെഹ്‌റു കുടുംബത്തിന്റെ ജനറ്റിക്‌സില്‍ ജനിച്ച ഒരാള്‍ക്ക് അങ്ങനെ പറയാന്‍ കഴിയുമോ? എനിക്ക് ആ കാര്യത്തില്‍ നല്ല സംശയമുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍' എന്നായിരുന്നു പാലക്കാട് മണ്ഡലത്തിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുമ്പോൾ അൻവർ പറഞ്ഞത്. അൻവറിന്റെ പരാമർശം താങ്കൾക്ക് വേദനയുണ്ടാക്കിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. വളരെ മോശം പരാമർശം ആണെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസൻ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലും അൻവറിനെതിരെ പ്രതിഷേധം അലയടിക്കുകയാണ്.