തനിക്കെതിരേ പി.വി.അന്‍വര്‍ സഭയില്‍ ആരോപണം ഉന്നയിച്ചത് ഏത് രേഖയുടെ അടിസ്ഥാനത്തിലാണ്; വിഡി സതീശൻ
തിരുവനന്തപുരം: മാസപ്പടി ആരോപണത്തിൽ മുഖ്യമന്ത്രിക്കെതിരായ അഴിമതി ആരോപണം നിയമസഭയിൽ ഉന്നയിക്കാനുള്ള മാത്യു കുഴന്‍നാടന്റെ ശ്രമം തടഞ്ഞ സ്പീക്കറുടെ നടപടി നീതികേടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. രേഖകളുടെ ഒറിജിനല്‍ ഉണ്ടെങ്കില്‍ മാത്രമേ ആരോപണം ഉന്നയിക്കാവൂ എന്ന സ്പീക്കറുടെ റൂളിംഗ് നിലനില്‍ക്കുന്നതല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. തനിക്കെതിരേ പി.വി.അന്‍വര്‍ സഭയില്‍ ആരോപണം ഉന്നയിച്ചത് ഏത് രേഖയുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു.
തിങ്കളാഴ്ചയാണ് സഭയിൽ മുഖ്യമന്ത്രിക്കെതിരേ ആരോപണമുന്നയിക്കാനുള്ള മാത്യു കുഴല്‍നാടന്റെ ശ്രമം സ്പീക്കർ തടഞ്ഞത്. എക്സാലോജിക് കന്പനിയുമായി ബന്ധപ്പെട്ട ആരോപണം സഭയിൽ ഉന്നയിക്കാൻ ശ്രമിക്കുന്പോഴാണ് സ്പീക്കർ ഇടപെട്ടത്. എംഎല്‍എ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു. വ്യക്തമായ രേഖകളില്ലാതെ ആരോപണം ഉന്നയിക്കാന്‍ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ആരോപണം ഉന്നയിക്കുന്നതുമായി ബന്ധപ്പെട്ട് മാത്യു നേരത്തേ നല്കിയ രേഖകള്‍ തൃപ്തികരമല്ലെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു.