പാറ ഖനനം പൊതുമേഖലയിലാക്കുക : പരിസ്ഥിതി സംരക്ഷണ ഏകോപനസമിതി
കൊല്ലം: ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ ഒരു നിയന്ത്രണവുമില്ലാതെ നടക്കുന്ന പാറ ഖനനം വൻപാരിസ്ഥിതിക ദുരന്തത്തിൻ്റെ വക്കിലെത്തിച്ചിരിക്കുകയാണെന്ന് ജില്ലാ പരിസ്ഥിതി സംരക്ഷണ ഏകോപനസമിതി. സംസ്ഥാനത്ത് പാറ ലഭ്യമായ എല്ലാ ഇടങ്ങളിലും ഇതാണ് സ്ഥിതിയെന്ന് കൊട്ടാരക്കരയിൽ ചേർന്ന ജില്ലാ പരിസ്ഥിതി സംരക്ഷണ ഏകോപനസമിതി പ്രവർത്തകയോഗം വിലയിരുത്തി. പാറ ഖനനം പൊതുമേഖലയിലാക്കുമെന്ന് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി നല്കിയ വാഗ്ദാനം നടപ്പാക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. ഈ ആവശ്യം കൊല്ലത്ത് നടക്കുന്ന നവകേരളസദസ്സിൽ ഉന്നയിക്കാൻ പ്രവർത്തകയോഗം തീരുമാനിച്ചു.
പാറഖനനം കൂടാതെ നിയമവിരുദ്ധമായ ധാതുമണൽ ഖനനം, ധാതുമണൽ കടത്ത്, കുന്നിടിക്കൽ, മണലൂറ്റ് തുടങ്ങിയ പരിസ്ഥിതി വിനാശകരമായ പ്രവർത്തനങ്ങൾ അധികൃതരുടെ ഒത്താശയോടെ നിർബാധം നടക്കുകയാണ്. പരിസ്ഥിതിപ്രശ്നങ്ങൾ മുൻനിർത്തി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നടക്കുന്ന സമരങ്ങൾക്ക് ശക്തമായ പിന്തുണ നല്കാൻ കൊല്ലം ജില്ലാ പരിസ്ഥിതി സംരക്ഷണ ഏകോപനസമിതി തീരുമാനിച്ചു.
കൊല്ലം ജില്ലാ പരിസ്ഥിതി സംരക്ഷണ ഏകോപനസമിതി നിലവിലുള്ള ഘടക സംഘടനകളെ കൂടാതെ പുതിയ സംഘടനകളെക്കൂടി ഉൾപ്പെടുത്തുന്നതിൻ്റെ ഭാഗമായി ജനുവരി മാസത്തിൽ കൊല്ലത്ത് വിപുലമായ പ്രവർത്തക കൺവൻഷൻ വിളിച്ചു ചേർക്കും. പ്രവർത്തക കൺവൻഷൻ നടത്തിപ്പിനു വേണ്ടി റ്റി.കെ വിനോദൻ ചെയർമാനും അഡ്വ.വി.കെ സന്തോഷ് കുമാർ, ഷാജിമോൻ വെളിനല്ലൂർ, സുനിൽ ചെറുപൊയ്ക എന്നിവർ കൺവീനർമാരുമായി 25 അംഗ കമ്മിറ്റി രൂപീകരിച്ചു.