For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ക്വസ്റ്റ് ഗ്ലോബലും ഐഇഇഇ ഇന്ത്യ ഫിലാന്ത്രോപ്പിയും ചേര്‍ന്ന് റിട്ടേണിംഗ് വിമന്‍ എഞ്ചിനീയേഴ്സ് പ്രോഗ്രാമിന്റെ മൂന്നാം ബാച്ച് തിരുവനന്തപുരത്ത് നടത്തി

12:34 PM Nov 22, 2024 IST | Online Desk
ക്വസ്റ്റ് ഗ്ലോബലും ഐഇഇഇ ഇന്ത്യ ഫിലാന്ത്രോപ്പിയും ചേര്‍ന്ന് റിട്ടേണിംഗ് വിമന്‍ എഞ്ചിനീയേഴ്സ് പ്രോഗ്രാമിന്റെ മൂന്നാം ബാച്ച് തിരുവനന്തപുരത്ത് നടത്തി
Advertisement

തിരുവനന്തപുരം: പ്രമുഖ എന്‍ജിനീയറിംഗ് സര്‍വീസസ് കമ്പനിയായ ക്വസ്റ്റ് ഗ്ലോബല്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയേഴ്‌സ് (ഐഇഇഇ) ഇന്ത്യാ ഫിലാന്ത്രോപ്പിയുമായി സഹകരിച്ച് റിട്ടേണിംഗ് വിമന്‍ എന്‍ജിനീയേഴ്‌സ് പ്രോഗ്രാമിന്റെ (ആര്‍ഡബ്ല്യൂഇപി) മൂന്നാം ബാച്ച് തിരുവനന്തപുരത്തു നടത്തി. കരിയര്‍ ബ്രേക്ക് വന്നിട്ടുള്ള സ്ത്രീകള്‍ക്ക് വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ സഹായിക്കുന്ന ഒരു സംവിധാനമാണ് ആര്‍ഡബ്ല്യൂഇപി പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്.

Advertisement

തിരുവനന്തപുരത്തു നിന്നുള്ള 30 വനിതാ എന്‍ജിനീയര്‍മാരാണ് രണ്ടു ദിവസത്തെ ഈ പ്രോഗ്രാമില്‍ പങ്കെടുത്തത്. രണ്ടു ദിവസം നീണ്ടു നിന്ന ഈ പരിപാടി ആര്‍ഡബ്ല്യൂഇപിയെക്കുറിച്ചുള്ള ആമുഖത്തോടെ ആരംഭിച്ചു. ഈ സംരംഭത്തിന്റെ ലക്ഷ്യത്തേയും ഘടനയേയും കുറിച്ച് പങ്കെടുക്കുന്നവര്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്തു. പങ്കെടുക്കുന്നവര്‍ക്കിടയില്‍ ആശയവിനിമയം, നേതൃത്വം, ടീം വര്‍ക്ക് കഴിവുകള്‍ എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ഇന്ററാക്ടീവ് സോഫ്റ്റ് സ്‌കില്‍ സെഷനുകള്‍ ഇതിന് ശേഷം നടന്നു. പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ പ്രത്യേക ആവശ്യങ്ങളും ചോദ്യങ്ങളും അടിസ്ഥാനമാക്കിയുള്ള മാര്‍ഗനിര്‍ദേശങ്ങളും പിന്തുണയും നല്കാന്‍ ഈ പ്രോഗ്രാമിലൂടെ സാധിച്ചു. പരിപാടിയുടെ ഭാഗമായി ക്വസ്റ്റ് ഗ്ലോബല്‍ വോളന്റിയര്‍മാര്‍ ഗുണഭോക്താക്കളുമായി ഇടപെടുകയും അവര്‍ക്ക് വിലപ്പെട്ട നിര്‍ദേശങ്ങളും അവരുടെ ചോദ്യങ്ങള്‍ക്കുള്ള പരിഹാരങ്ങളും നല്‍കുകയും ചെയ്തു. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈ പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ഒന്നിലധികം സോഫ്റ്റ് സ്‌കില്‍, ടെക്‌നിക്കല്‍ ട്രെയിനിംഗ് സെഷനുകള്‍ എന്നിവയില്‍ പങ്കെടുക്കാന്‍ സാധിക്കും. ഇതിനു പുറമേ മെന്ററിംഗ്, കൗണ്‍സലിംഗ് സപ്പോര്‍ട്ട്, മറ്റ് സാങ്കേതിക പരിശീലന സെഷനുകള്‍ എന്നിവയിലും പങ്കെടുക്കാം.

ക്വസ്റ്റ് ഗ്ലോബലിന്റെ ആര്‍ഡബ്ല്യൂഇപി, ഐഇഇഇ ഇന്ത്യാ ഫിലാന്ത്രോപ്പിയുമായി സഹകരിച്ച് ഇതിനോടകം ജോലിയിലേക്ക് തിരികെ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന 150 സ്ത്രീകളുടെ ജീവിതത്തില്‍ നല്ല മാറ്റം വരുത്തിയിട്ടുണ്ട്. മികച്ച പിന്തുണ നല്‍കുന്നതിലൂടെ സ്ത്രീകളെ നേതൃത്വപരമായ റോളുകളിലേക്ക് വളരാനും ബിനിനസ് ആരംഭിക്കാനും തക്കതായ സാങ്കേതികവും മാനേജീരിയല്‍ കഴിവുകളും വളര്‍ത്തിയെടുക്കാനും പ്രാപ്തരാക്കുന്നു.

IEEE യുമായി സഹകരിച്ച്, ക്വസ്റ്റ് ഗ്ലോബല്‍ അവരുടെ CSR പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിമന്‍ ഇന്‍ എഞ്ചിനീയറിംഗ് (WIE) സംരംഭവും നടത്തുന്നുണ്ട്. WIE യുടെ കീഴിലുള്ള സ്‌കോളര്‍ഷിപ്പില്‍ സാമ്പത്തിക സഹായം, മെന്റര്‍ഷിപ്പ്, ടെക്‌നിക്കല്‍ കോഴ്‌സുകള്‍, ട്രെയിനിംഗ്, പ്ലേസ്‌മെന്റ് സപ്പോര്‍ട്ട്, പ്രൊഫഷണല്‍ നെറ്റ്വര്‍ക്കിംഗ് എന്നിവ ഉള്‍പ്പെടുന്നു. ഈ മേഖലയിലുള്ള സ്ത്രീകള്‍ക്ക് സമഗ്രമായ പിന്തുണ ഉറപ്പാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. വിജ്ഞാനം, വൈദഗ്ധ്യം തുടങ്ങിയവ പകര്‍ന്നു കൊടുക്കുന്നതിനൊപ്പം തന്നെ അവരുടെ വ്യക്തിപരവും തൊഴില്‍പരവും സാമൂഹികവുമായി ജീവിതം ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ അവരെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യം കൂടി ഈ പരിപാടിക്കുണ്ട്.

Tags :
Author Image

Online Desk

View all posts

Advertisement

.