എംപിമാർക്കു പിന്നാലെ ചോദ്യങ്ങളും പുറത്ത്
ന്യൂഡൽഹി: പാർലമെന്റിൽ പുറത്താക്കപ്പെട്ട എംപിമാർക്കു പിന്നാലെ അവർ ഉന്നയിച്ച ചോദ്യങ്ങളും പുറത്ത്. ലോക്സഭയിലെ സസ്പെൻഡ് ചെയ്യപ്പെട്ട പ്രതിപക്ഷ അംഗങ്ങൾ ഉന്നയിച്ച 27 ചോദ്യങ്ങൾ നീക്കം ചെയ്തു. ചൊവ്വാഴ്ച സഭയിൽ ചോദിക്കേണ്ട ചോദ്യങ്ങളുടെ പട്ടികയിൽ നിന്നാണ് ഇവ നീക്കം ചെയ്തത്. കൂടാതെ ഒരേ ചോദ്യം വിവിധ മന്ത്രിമാരോട് ചോദിക്കുന്ന അംഗങ്ങളുടെ ഗ്രൂപ്പുകളിൽ നിന്ന് ഒട്ടേറെ എംപിമാരുടെ പേരുകൾ നീക്കം ചെയ്തിട്ടുണ്ട്. രാജസ്ഥാൻ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ലോക്സഭയിൽ നിന്ന് രാജിവച്ച ഹനുമാൻ ബേനിവാളിന്റെ പേരും നീക്കം ചെയ്തു.
തൃണമൂൽ കോൺഗ്രസ് എംപി അപരൂപ പൊദ്ദാറും കോൺഗ്രസ് എംപി രമ്യാ ഹരിദാസും ചോദിച്ച രണ്ട് നക്ഷത്രചിഹ്നമുള്ള ചോദ്യങ്ങൾ നീക്കം ചെയ്തവയിൽ ഉൾപ്പെടുന്നു. കൂടാതെ നക്ഷത്രചിഹ്നമില്ലാത്ത 25 ചോദ്യങ്ങളും പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങൾക്ക് മന്ത്രിമാർ വാക്കാലുള്ള മറുപടിയും നക്ഷത്രമിടാത്ത ചോദ്യങ്ങൾക്ക് രേഖാമൂലമുള്ള മറുപടിയും നൽകുന്നതാണ് പാർലമെന്റിലെ പതിവ്.
ഡിസംബർ 13ലെ പാർലമെന്റ് സുരക്ഷാ ലംഘന വിഷയത്തിൽ ആഭ്യന്തരമന്ത്രി മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കടുത്ത പ്രതിഷേധമാണ് നടത്തിവരുന്നത്. പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും ഉയർത്തി പ്രതിഷേധിച്ച 141 എംപിമാരെയാണ് ഇരുസഭകളിലും നിന്നായി പുറത്താക്കിയത്. ഇവരിൽ ഭൂരിപക്ഷം പേർക്ക് ശീതകാല സമ്മേളനത്തിന്റെ ബാക്കിയുള്ള ദിനങ്ങളിൽ സഭയിലെത്താൻ കഴിയില്ല. ഇതിന് പിന്നാലെയാണ് ഇവർ ഉന്നയിച്ച ചോദ്യങ്ങളും പട്ടികയിൽ നിന്ന് നീക്കം ചെയ്തത്.