ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്നതിന് കാരണം നരേന്ദ്ര മോദിയെന്ന് രാഹുല്‍ ഗാന്ധി
മുംബൈ: മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയില്‍ ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരവാദിയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇത് സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും ഉദാഹരണമാണെന്നും അദ്ദേഹം ആഞ്ഞടിച്ചു. സാംഗ്ലിയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു രാഹുലിന്റെ പ്രസ്താവന. പ്രതിമ തകര്‍ന്നതിന് ശേഷം കഴിഞ്ഞയാഴ്ച മോദി മാപ്പ് പറഞ്ഞതിനെയും രാഹുല്‍ കൈകാര്യം ചെയ്തു.
'എന്തിനാണ് മോദി മാപ്പ് പറഞ്ഞത് ആര്‍.എസ്.എസില്‍ നിന്നുള്ള ഒരാള്‍ക്ക് കരാര്‍ നല്‍കിയതിനാണോ പ്രതിമ നിര്‍മാണത്തില്‍ അഴിമതി നടത്തിയതിനാണോ അതോ ഛത്രപതി ശിവജിയെപ്പോലുള്ള ഒരു പ്രതിഭയെ അവഹേളിച്ചതിനാണോ കാരണം എന്തുതന്നെയായാലും പ്രധാനമന്ത്രിയും ബി.ജെ.പിയും അവരുടെ പെരുമാറ്റത്തിനും അഴിമതിക്കും മഹാരാഷ്ട്രയോട് മാപ്പ് പറയണം.
എല്ലാ കരാറുകളും അദാനിക്കും അംബാനിക്കും മാത്രമായി നല്‍കിയതും രണ്ട് ആളുകള്‍ക്ക് വേണ്ടി മാത്രം ഭരണം നടത്തുന്നന്നും എന്തുകൊണ്ടാണെന്ന് മോദി പറയണമെന്നും രാഹുല്‍ പറഞ്ഞു. പ്രതിഷേധങ്ങള്‍ കാരണം പിന്‍വലിച്ച കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്ക് പ്രധാനമന്ത്രി മാപ്പ് പറഞ്ഞിട്ടില്ലെന്നും നോട്ട് നിരോധനത്തിനും തെറ്റായ ചരക്ക് സേവന നികുതിക്കും മോദി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വടക്കുകിഴക്കന്‍ സംസ്ഥാനം ബി.ജെ.പി തന്നെ കത്തിച്ചതിനാല്‍ ആഭ്യന്തരയുദ്ധ സമാനമായ സാഹചര്യം നേരിടുന്ന മണിപ്പൂരില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
'മോദി ദശകം' എന്നറിയപ്പെടുന്ന കാലഘട്ടത്തില്‍ ആര്‍.എസ്.എസ് സ്ഥാപനങ്ങള്‍ പിടിച്ചെടുക്കിയത് സംബന്ധിച്ച് കോണ്‍ഗ്രസ് എം.പി ദീര്‍ഘമായി സംസാരിച്ചു. തെരഞ്ഞെടുപ്പ് കമീഷന്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നിയമസംവിധാനം, ബ്യൂറോക്രസി എന്നിങ്ങനെ കഴിയുന്നിടത്തെല്ലാം അവര്‍ തങ്ങളുടെ ആളുകളെ നട്ടുപിടിപ്പിക്കുന്നു. 'നിങ്ങള്‍ ആര്‍.എസ്.എസുകാരാണെങ്കില്‍ അവര്‍ നിങ്ങളെ ഉള്‍ക്കൊള്ളും. നിങ്ങള്‍ ആര്‍.എസ്.എസില്‍ നിന്നുള്ള ആളല്ലെങ്കില്‍ ഇടമില്ല.'
കഴിഞ്ഞ ഒരു വര്‍ഷമായി താന്‍ ശക്തമായി ആവശ്യമുന്നയിക്കുന്ന ജാതി സെന്‍സസിനെക്കുറിച്ചും രാഹുല്‍ പ്രതിപാദിച്ചു. ഇന്‍ഡ്യാ ബ്ലോക്കില്‍ നിന്നുള്ള മുന്നേറ്റം എങ്ങനെയാണ് ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും ചില എതിര്‍പ്പുകളെ പരിഗണിക്കാന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം വിവരിച്ചു.
ഈ വര്‍ഷാവസാനം നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്, വിദ്വേഷത്തിന്റെയും ഭിന്നിപ്പിന്റെയും രാഷ്ട്രീയവും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയവും തമ്മിലുള്ള പ്രത്യയശാസ്ത്രപരമായ പോരാട്ടമാണെന്നും രാഹുല്‍ പറഞ്ഞു. ബാബാസാഹേബ് അംബേദ്കറും ജ്യോതിബായ് ഫൂലെയും ശിവജിയും അവരുടെ കാലത്ത് ചെയ്തതാണ് ഇന്ന് തന്റെ പാര്‍ട്ടി ചെയ്യുന്നത്. നിങ്ങള്‍ അവരെ വായിക്കുകയും അവരുടെ ആശയങ്ങള്‍ തിരിച്ചറിയകയും ചെയ്താല്‍ അത് ബി.ജെ.പിയുടെ ദൈനംദിന ആക്രമണത്തിന് വിധേയമാണെന്ന് മനസ്സിലാവും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ആവശ്യമുള്ളിടത്തെല്ലാം താനുണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു.