ഫാസിസത്തെ പരാജയപ്പെടുത്താൻ 'അവൻ വരുന്നു'; തരംഗമായി രാഹുൽ ഗാന്ധിയുടെ 'കെജിഎഫ്'
സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രാഹുൽ ഗാന്ധിയുടെ 'കെജിഎഫ്'. എല്ലാ ഭാഷകളിലും മികച്ച ശ്രദ്ധ നേടിയ ചലച്ചിത്രം ആയിരുന്നു കെജിഎഫ്. കെജിഎഫിലെ രംഗങ്ങളും ഗാനങ്ങളും ഉപയോഗിച്ച് പലതരം വീഡിയോകൾ പുറത്തിറങ്ങിയിട്ടുണ്ട്. ആ കൂട്ടത്തിൽ ഏറെ പ്രചാരം നേടിയ ഒന്നായി മാറിയിരിക്കുകയാണ് 'ഇർഷാദ് ഇച്ചു' എന്ന യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട രാഹുൽ ഗാന്ധിയുടെ കെജിഎഫ്. പ്രധാനമായും രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ആണ് കെജിഎഫ് വീഡിയോയിൽ ചേർത്തിരിക്കുന്നത്. 10 മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയിൽ രാജ്യം നേരിടുന്ന വർഗീയതയുടെയും വിഭാഗീയതയുടെയും സാഹചര്യം തുറന്നു കാട്ടുന്നുണ്ട്. അതോടൊപ്പം തന്നെ ഈ സാഹചര്യങ്ങളെ അതിജീവിക്കുവാൻ രാഹുൽ ഗാന്ധി എന്ന നേതാവിന് കഴിയുമെന്ന പ്രത്യാശയും വീഡിയോയിൽ പ്രമേയം ആകുന്നുണ്ട്. മണിപ്പൂരിലെ ഭീതിജനകമായ അവസ്ഥ വീഡിയോയുടെ ആദ്യ ഭാഗത്ത് തന്നെ ഉണ്ട്. നരേന്ദ്ര മോദിയും അമിത് ഷായും ബിജെപിയും ഉയർത്തുന്ന വെല്ലുവിളികളും അതിനെ പ്രതിരോധിക്കുന്ന രാഹുൽ ഗാന്ധിയുടെ നേതൃ പാടവവുമെല്ലാം എല്ലാം വീഡിയോയിൽ കാണാം.
മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കാലത്തെ സംഭവവികാസങ്ങളും വീഡിയോയിലുണ്ട്. കന്യാകുമാരി മുതൽ കാശ്മീർ വരെ രാജ്യത്തിനു വേണ്ടി നടത്തിയ ഐതിഹാസികമായ ജോഡോ യാത്രയിൽ പ്രചോദനം കൊണ്ടാണ് താൻ ഈ വീഡിയോ നിർമ്മിച്ചതെന്ന് ഇർഷാദ് പറയുന്നു. പെട്രോൾ ഡീസൽ ഇന്ധന വിലവർധനവും കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങളും തുറന്നുകാട്ടുവാൻ കഴിഞ്ഞതിൽ തികഞ്ഞ അഭിമാനം ഉണ്ടെന്നും ഇർഷാദ് പറയുന്നു. വീഡിയോ പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ മികച്ച പിന്തുണയാണ് ലഭിച്ചത്. രാഹുൽ ഗാന്ധിക്ക് ഒപ്പം തന്നെ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജരിവാളും തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജിയും വീഡിയോയുടെ ഭാഗമാണ്. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ വീഡിയോ പുറത്തിറങ്ങിയത് കൂടുതൽ സ്വീകാര്യത ലഭിക്കുവാൻ കാരണമായിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ കെജിഎഫിന്റെ ഹിന്ദി പതിപ്പ് ഇറക്കുവാനുള്ള തിടുക്കത്തിലാണ് ഇർഷാദ്. മലപ്പുറം ചെറുകോട് ചുണ്ടങ്ങാചോല സ്വദേശിയാണ് ഇർഷാദ്.