ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ദോഡയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ വീരമൃത്യുവരിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സുരക്ഷാവീഴ്ച ആവര്‍ത്തിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനാണ് ഉത്തരവാദിത്തമെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.
'ജമ്മു കശ്മീരില്‍ തീവ്രാവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ നമ്മുടെ സൈനികര്‍ വീരമത്യു വരിച്ചു. വീരമൃത്യുവരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു, കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കാളിയാകുന്നു. ഇത്തരം ഭീതിജനകമായ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണ്. തുടര്‍ച്ചയായ തീവ്രവാദി ആക്രമങ്ങള്‍ ജമ്മു കശ്മീരിനെ മോശം അവസ്ഥയിലേക്ക് നയിക്കും.ബി.ജെ.പിയുടെ തെറ്റായ നയങ്ങളുടെ ഭാരം നമ്മുടെ സൈനികരും അവരുടെ കുടുംബങ്ങളും അനുഭവിക്കുകയാണ്. സുരക്ഷാവീഴ്ച ആവര്‍ത്തിക്കുന്നതിലെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാറിനാണെന്ന് ചൂണ്ടിക്കാട്ടുന്ന ഓരോ ഇന്ത്യന്‍ പൗരനും രാജ്യത്തെയും സൈനികരെയും തകര്‍ക്കാന്‍ ശ്രമിക്കുന്ന കുറ്റവാളികള്‍ക്കെതിരെ ശക്തമായി നടപടികള്‍ വേണമെന്നും ആവശ്യപ്പെടുന്നു. ദുഃഖ വേളയില്‍ രാജ്യം മുഴുവന്‍ ഭീകരതക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളുന്നു' -രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.
ജമ്മു കശ്മീരിലെ ദോഡയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സൈനിക ഓഫിസര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ക്ക് വീരമൃത്യു വരിച്ചിരുന്നു. വെടിവെപ്പില്‍ ജമ്മു കശ്മീര്‍ പൊലീസിലെ ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്. ഭീകരരെ തിരഞ്ഞ് ദോഡ നഗരത്തില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെ പൊലീസ് പ്രത്യേക വിഭാഗവും സൈന്യവും നടത്തിയ സംയുക്ത ഓപറേഷനിടെയാണ് ആക്രമണം ഉണ്ടായത്.പാകിസ്താന്റെ പിന്തുണയുള്ള ജെയ്‌ഷെ മുഹമ്മദിന്റെ നിഴല്‍ സംഘമായ 'കശ്മീര്‍ ടൈഗേഴ്‌സ്' ആണ് ആക്രമണത്തിന് പിന്നിലെന്ന് സൈന്യം അറിയിച്ചു. കഴിഞ്ഞയാഴ്ച കത്‌വയില്‍ ഏറ്റുമുട്ടലിനിടെ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. സായുധ പരിശീലനം നേടിയ അറുപതിലേറെ ഭീകരര്‍ ജമ്മുവില്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.