'എന്റെ ഓഫീസ് ജീവനക്കാരുടെ ഫോണും ചോർത്തി', സർക്കാർ എല്ലാം ചെയ്യുന്നത് അദാനിക്ക് വേണ്ടിയെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തുന്നതിനെ ശക്തമായി വിമർശിച്ച് രാഹുൽ ഗാന്ധി. എത്രതന്നെ ഫോൺ ചോർത്തിയാലും ഭയപ്പെട്ട് പിന്നോട്ടില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തനിക്കും തന്റെ ഓഫീസിലുള്ളവർക്കും ആപ്പിൾ സന്ദേശം ലഭിച്ചുവെന്നും രാഹുൽ പറഞ്ഞു. പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തുന്നുവെന്ന് ആപ്പിൾ സ്ഥിരീകരിച്ചു. സർക്കാർ ഇതെല്ലാം ചെയ്യുന്നത് അദാനിക്ക് വേണ്ടിയാണെന്നും രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയിൽ അധികാരത്തിൽ ഒന്നാം സ്ഥാനത്ത് അദാനിയാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ അദാനി ഒന്നാം സ്ഥാനത്തും മോദിയും അമിത് ഷായും രണ്ടും മൂന്നും സ്ഥാനത്തുമാണ്. സർക്കാർ ഇതെല്ലാം ചെയ്യുന്നത് അദാനിക്ക് വേണ്ടിയാണെന്നും വിമാനത്താവളങ്ങളും വ്യവസായങ്ങളുമെല്ലാം ആദാനിക്ക് തീറെഴുതി നൽകിയെന്നും രാഹുൽ കുറ്റപ്പെടുത്തി. മോദിയുടെ ആത്മാവ് അദാനിക്കൊപ്പമാണെന്നും രാഹുൽ ആരോപിച്ചു.
സർക്കാർ സ്പോൺസേർഡ് ഹാക്കർമാർ ഫോൺ ചോർത്താൻ ശ്രമിക്കുന്നുവെന്ന് ആപ്പിളിൽ നിന്ന് സന്ദേശം ലഭിച്ചതായി പത്തിലേറെ പ്രതിപക്ഷനേതാക്കൾ വ്യക്തമാക്കിയിരുന്നു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, ശശി തരൂർ, കോൺഗ്രസ് സംഘടന ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, മൊഹുവ മൊയ്ത്ര തുടങ്ങിയവരുൾപ്പെടെ പത്തുപേർക്കാണ് സന്ദേശം വന്നത്. താങ്കളുടെ ഐ ഫോണിനെ സർക്കാർ സ്പോൺസേർഡ് ഹാക്കർമാർ ലക്ഷ്യമിട്ടിരിക്കുന്നു എന്ന സന്ദേശമാണ് നേതാക്കൾക്കും മാധ്യമപ്രവർത്തകർക്കും ലഭിച്ചത്. നിങ്ങളുടെ തൊഴിലോ വ്യക്തിത്വമോ ആവാം ലക്ഷ്യമിടാൻ കാരണം. സർക്കാർ സ്പോൺസേർഡ് ഹാക്കർമാർക്ക് വിവരങ്ങൾക്ക് ചോർത്തുന്നതിന് പുറമേ ഫോണിലെ ക്യാമറ പ്രവർത്തിപ്പിക്കാനാവുമെന്നും മുന്നറിയിപ്പ് സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. അതേസമയം രാജ്യത്ത് ജാതി സെൻസസ് നടപ്പിലാക്കണമെന്ന് രാഹുൽ ഗാന്ധി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കൃത്യമായ കണക്കുണ്ടായാൽ മാത്രമേ ഫണ്ട് എല്ലാവരിലേക്കും എത്തുകയുള്ളുവെന്നും രാഹുൽ അഭിപ്രായപ്പെട്ടു.