ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി
ഹരിയാന: ഗുസ്തി താരങ്ങളുടെ പ്രതിഷേധം തുടരുന്നതിനിടെ ഒളിമ്പ്യൻ ബജ്രംഗ് പൂനിയ ഉൾപ്പെടെയുള്ള രാജ്യത്തെ പ്രമുഖ ഗുസ്തി താരങ്ങളുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഹരിയാനയിലെ ഝജ്ജര്‍ ജില്ലയിലെ അഖാഡയിൽ എത്തിയായിരുന്നു കൂടിക്കാഴ്ച.പ്രതിഷേധിച്ച് മെഡലുകള്‍ തിരിച്ചു നല്‍കിയ താരങ്ങളെയാണ് രാഹുൽ കണ്ടത്.
'അദ്ദേഹം ഞങ്ങളുടെ ദിനചര്യ നേരിട്ട് കണ്ടറിഞ്ഞു. ഞങ്ങൾക്കൊപ്പം ഗുസ്തി ചെയ്തു. ഒരു ഗുസ്തിക്കാരന്റെ ദൈനംദിന പ്രവർത്തനങ്ങൾ കാണാനാണ് അദ്ദേഹം വന്നതെന്നും രാഹുൽ ഗാന്ധിയുടെ സന്ദർശനത്തെക്കുറിച്ച് ബജരംഗ് പൂനിയ മാധ്യമങ്ങളോട് പ്രതികരിച്ചു.
വനിതാ താരങ്ങളോടു ലൈംഗിക അതിക്രമം നടത്തിയ ദേശീയ ഗുസ്തി ഫെഡറേഷൻ മുന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് പിന്നാലെ നടന്ന തിരഞ്ഞെടുപ്പിലും ബ്രിജ് ഭൂഷണ്‍ന്റെ നോമിനികൾ ഫെഡറേഷൻ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെ കായിക താരങ്ങളുടെ ശക്തമായ പ്രതിഷേധമാണ് തുടരുന്നത്. ഗുസ്തി താരങ്ങളായ സാക്ഷി മാലിക് കരിയർ അവസാനിപ്പിച്ചും ബജ്റംഗ് പൂനിയയും വിജേന്ദർ സിംഗും പദ്മശ്രീ തിരിച്ചുനൽകിയും പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ഇപ്പോൾ ഖേൽ രത്ന, അർജുന പുരസ്കാരങ്ങൾ തിരിച്ചുനൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വിനേഷ് ഫൊഗട്ട്. ഇന്ത്യയ്ക്ക് കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും സ്വർണം നേടി നൽകിയ താരമാണ് ഫൊഗട്ട്. അവാർഡ് തിരിച്ചുനൽകുന്നതായി അറിയിച്ച് താരം പ്രധാനമന്ത്രിക്ക് കത്തെഴുതി. രാജ്യത്തിന്റെ അഭിമാനമായ കായിക തരങ്ങളുടെ പ്രതിഷേധം ശക്തമായതിന് പിന്നാലെ ഗുസ്തി ഫെഡറേഷൻ ഭരണസമിതിയെ കേന്ദ്ര സർക്കാർ മരവിപ്പിച്ചിരിക്കുകയാണ്.