വിവിധ പരിപാടികളിൽ പങ്കെടുക്കാൻ രാഹുൽഗാന്ധി എം പി ഇന്നു കേരളത്തിലെത്തും
കൽപ്പറ്റ: മൂന്നു ദിവസത്തെ ഔദ്യോഗിക പരിപാടികൾക്കായി വയനാട് എംപി രാഹുൽഗാന്ധി ഇന്നു രാത്രി കേരളത്തിലെത്തും. നാളെ മുതലാണ് പൊതു പരിപാടികൾ. 29 മുതൽ ഡിസംബർ ഒന്ന് വരെ വയനാട് പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെടെ വിവിധ ജില്ലകളിലെ പരിപാടികളിൽ പങ്കെടുക്കും. 29ന് രാവിലെ ഒമ്പത് മണിക്ക് കോഴിക്കോട് കടവ് റിസോർട്ടിൽ നടക്കുന്ന പി സീതിഹാജിയുടെ നിയമസഭയിലെ പ്രസംഗങ്ങൾ പ്രതിപാദിക്കുന്ന പുസ്തകപ്രകാശനമാണ് ആദ്യപരിപാടി. തുർന്ന് രാവിലെ 11.15ന് തിരുവാലി പാതിരിയാലിൽ ജെ ബി മേത്തർ എം പിയുടെ പ്രാദേശിക വികസനഫണ്ടിൽ തുക വകയിരുത്തി നിർമ്മിച്ച പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി ബിൽഡിംഗിന്റെ ശിലാസ്ഥാപനം നിർവഹിക്കും. 12.15-ഓടെ വണ്ടൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള ഫിസിയോ ആന്റ് സ്പീച്ച് തെറാപ്പി സെന്ററിന്റെ ശിലാസ്ഥാപനവും തുടർന്ന് പി എം ജി എസ് വൈ റോഡുകളുടെ ഉദ്ഘാടനവും എം പി നിർവഹിക്കും.
ഉച്ചക്ക് ശേഷം 2.45ന് നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ആറ് പി എം ജി എസ് വൈ റോഡുകളുടെ ശിലാസ്ഥാപനവും എം പി എം എച്ച് എസ് എസ് ചുങ്കത്തറയിൽ വെച്ച് അദ്ദേഹം നിർവഹിക്കും. 3.40ന് വഴിക്കടവ് മുണ്ട എം ഒ എൽ പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും എം പി നിർവഹിക്കും. നവംബർ 30ന് വ്യാഴാഴ്ച സുൽത്താൻബത്തേരി ഇക്‌റ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം എം പി നിർവഹിക്കും. തുടർന്ന് അമ്പലവയൽ നെല്ലാറച്ചാലിൽ പി എം ജി എസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച മഞ്ഞപ്പാറ-നെല്ലാറച്ചാൽ-മലയച്ചൻകൊല്ലി റോഡിന്റെ ഉദ്ഘാടനവും തുടർന്ന് വയനാട് കലക്ട്രേറ്റിൽ നടക്കുന്ന ദിശ മീറ്റിംഗിലും രാഹുൽഗാന്ധി പങ്കെടുക്കും.
ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് വയനാട് മെഡിക്കൽ കോളജിന് പ്രാദേശികവികസനഫണ്ടിൽ ഉൾപ്പെടുത്തി നൽകുന്ന ആംബുലൻസിന്റെ ഫ്‌ളാഗ് ഓഫും എം പി നിർവഹിക്കും. വൈകിട്ട് 4.15ന് മാനന്തവാടി ലിറ്റിൽ ഫ്‌ളവർ എൽ പി സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് പി എച്ച് സി വാളാടിനുള്ള അംബുലൻസിന്റെ താക്കോൽ കൈമാറൽ, അമൃത് കുടിവെള്ള പദ്ധതി എന്നിവയുടെ ഉദ്ഘാടനവും എം പി നടത്തും. ഡിസംബർ ഒന്നിന് രാവിലെ ഒമ്പത് മണിക്ക് കണ്ണൂർ സാധു ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കെ പി സി സിയുടെ പ്രിയദർശിനി സാഹിത്യപുരസ്‌ക്കാരം എഴുത്തുകാരൻ ടി പത്മനാഭന് സമ്മാനിക്കും. തുടർന്ന് ഉച്ചക്ക് 11.25ന് കൊച്ചി മറൈൻ ഡ്രൈവിൽ നടക്കുന്ന മഹിളാകോൺഗ്രസ് സംസ്ഥാന കൺവെൻഷൻ രാഹുൽഗാന്ധി എം പി ഉദ്ഘാടനം ചെയ്യും. തുടർന്ന് 2.15ന് നടക്കുന്ന സുപ്രഭാതം പത്രത്തിന്റെ പത്താംവാർഷിക ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം അദ്ദേഹം മടങ്ങും.