ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന്, രാഹുൽ ഗാന്ധി
ജമ്മുകശ്മീർ: ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അതിന് വേണ്ടി കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തും. ജമ്മുകശ്മീരിൽ കോൺഗ്രസ് സഖ്യം അധികാരത്തിലെത്തുമെന്നും രാഹുൽ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു രാഹുൽ. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് ജമ്മു കശ്മീരിൻ്റെ സംസ്ഥാന പദവി തിരിച്ചെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ ബിജെപി അതിന് തയ്യാറായില്ല. കേന്ദ്ര ഭരണ പാർട്ടി ആഗ്രഹിച്ചാലും ഇല്ലെങ്കിലും സംസ്ഥാന പദവി
പുനസ്ഥാപിക്കുന്നത് ഉറപ്പു വരുത്തുമെന്നും
അദ്ദേഹം പറഞ്ഞു. സംസ്ഥാന പദവി മാത്രമല്ല
റദ്ദാക്കപ്പെട്ട ജനങ്ങളുടെ അവകാശങ്ങളും
സമ്പത്തും തിരിച്ചുപിടിക്കേണ്ടതുണ്ട് എന്നും
രാഹുൽ ഗാന്ധി പറഞ്ഞു.
ഈ മാസം 18, 25, അടുത്ത മാസം 8 എന്നീ തീയ്യതികളിൽ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ജമ്മു കശ്മീരിൽ നിയമസഭ തിരഞ്ഞെടുപ്പ്. സംസ്ഥാനം രണ്ടായി വിഭജിച്ച് രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയ ശേഷം ആദ്യമായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2019 കശ്മീരിന് സവിശേഷ പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയിരുന്നു. ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെയാണ് സംസ്ഥാനത്തെ വിഭജിച്ചത്.