രാഹുൽ ഗാന്ധിക്ക് 54-ാം ജന്മദിനം
രാഹുൽ ഗാന്ധിക്ക് ഇന്ന് 54-ാം പിറന്നാൾ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ പ്രതിച്ഛായ വാനോളം ഉയർത്തിയ ശുഭ പ്രതീക്ഷയുടെ പേരാണ് രാഹുൽ ഗാന്ധി. അധികാര രാഷ്ട്രീയത്തിന്റെ ആരവങ്ങൾ മുഴങ്ങിയപ്പോൾ നിശബ്ദനായി തിരശ്ശീലയ്ക്ക് പിന്നിൽ ഒളിച്ചവനെന്ന് പരിഹസിച്ചപ്പോഴും ഉയിർത്തെഴുന്നേൽപ്പിന്റെ പ്രത്യാശയുമായി തകർന്നുപോയവരുടെ ജീവിതങ്ങളിൽ താങ്ങാകാൻ രാഹുൽ ഗാന്ധിയെന്ന മനുഷ്യസ്നേഹിക്ക് കഴിഞ്ഞു.
ഇന്ത്യയുടെ സ്പന്ദനം അറിയാൻ കന്യാകുമാരി മുതൽ കാശ്മീർ വരെ നടത്തിയ ‘ഭാരത് ജോഡോ യാത്രയും മണിപ്പൂരിൽ നിന്നാരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്രയും കോൺഗ്രസിന് കരുത്ത് നൽകി. 2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അമേഠി മണ്ഡലത്തിൽ മത്സരിച്ചു ജയിച്ച രാഹുൽ നാല് തവണ എംപിയായി. 2004-ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യു പി എ സർക്കാർ അധികാരത്തിലെത്തിയപ്പോഴും സർക്കാരിന്റെ ഭാഗമാകാതെ രാഹുൽ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചു. 2007-ൽ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ആയി. 2009-ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലെത്തിയപ്പോൾ പ്രധാനമന്ത്രി പദം സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നപ്പോഴും അധികാര രാഷ്ട്രീയത്തിൽ നിന്നും സ്വയം പിന്മാറി. 2013ൽ കോൺഗ്രസ് വൈസ് പ്രസിഡന്റും 2017-ൽ കോൺഗ്രസ് അധ്യക്ഷനുമായി.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അമേഠിയിൽ തോറ്റെങ്കിലും കേരളത്തിന്റെ മണ്ണിൽ വയനാട് അദ്ദേഹത്തെ ചേർത്തുനിർത്തി. കോൺഗ്രസിന് അടിപതറിയ ഇരുണ്ട കാലഘട്ടത്തിൽനിന്നും 2024-ൽ വയനാടും അതോടൊപ്പം റായ്ബറേലിയും അദ്ദേഹത്തെ സ്നേഹത്തോടെ സ്വീകരിച്ചു. ഹൃദയവേദനയോടെ വയനാട് ഉപേക്ഷിക്കുമ്പോളും വായനാടിനോടുള്ള പ്രതിബദ്ധത അദ്ദേഹം മറന്നില്ല. വഴിയേതുമില്ലാതെ നിലച്ചുപോയ കാലത്തുനിന്നും തന്നെ ചേർത്ത് പിടിച്ച വയനാടിന് അദ്ദേഹം തന്റെ പ്രിയപ്പെട്ടവളായ പ്രിയങ്ക ഗാന്ധിയെ നൽകി. സ്നേഹം കൊണ്ട് ഹൃദയങ്ങൾ കീഴടക്കുന്ന രാഹുൽ ഗാന്ധി എന്നും പ്രിയപ്പെട്ടതാണ്.