'ഞാൻ കൊലക്കേസ് പ്രതിയല്ല'; പിണറായിയുടെ സെക്യൂരിറ്റി ഗാർഡായി പൊലീസ് മാറിയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: താൻ കൊലക്കേസിലെ പ്രതിയല്ലെന്നും പിണറായിയുടെ സെക്യൂരിറ്റി ഗാർഡായി പൊലീസ് മാറിയെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റുന്നതിനു മുന്നോടിയായി വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാൻ അനുവദിക്കാതെ കന്റോൺമെന്റ് സിഐ ഷാഫി ജീപ്പിലേക്ക് തള്ളിക്കയറ്റാൻ ശ്രമിച്ചപ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം.
മാധ്യമങ്ങൾ ചോദ്യങ്ങളുമായി അടുത്തെത്തിയപ്പോഴായിരുന്നു സിഐ ഷാഫി രാഹുൽ മാങ്കൂട്ടത്തിലിനെ കൊലക്കേസ് പ്രതിയെ കൊണ്ടുപോകുന്നത് പോലെ ജീപ്പിലേക്ക് തള്ളിക്കയറ്റാൻ ശ്രമിച്ചത്. മാധ്യമങ്ങളുമായി സംസാരിച്ചിട്ടേ പോകൂവെന്ന് രാഹുൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ വെറും സെക്യൂരിറ്റി ഗാർഡ് ആയി പൊലീസ് മാറി. ഏരിയ സെക്രട്ടറിയേപ്പോലെ സിഐ പെരുമാറുകയാണ്. രാവിലെ മുതൽ പ്രശ്നമാണ്. എല്ലാ നടപടികളോടും സഹകരിച്ചയാളാണു ഞാൻ. എന്റെ ഷർട്ടിൽ പിടിച്ചതു മറന്നിട്ടില്ല. എനിക്കു സംസാരിക്കണം, ഞാൻ കൊലക്കേസിലെ പ്രതിയല്ല. ശശി പറഞ്ഞിട്ടാണോ നടപടിയെന്നും രാഹുൽ ചോദിച്ചു.