'രാഹുല്‍ മാങ്കൂട്ടത്തിലിന് 15,000 വരെ ഭൂരിപക്ഷം ലഭിക്കും': കല്‍പ്പാത്തിയിലെ 72 ബി.ജെ.പിക്കാര്‍ വോട്ട് ചെയ്തില്ലെന്ന് ഷാഫി പറമ്പില്‍
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ അവലോകനവുമായി യു.ഡി.എഫ് രംഗത്ത്. പാലക്കാട് യു.ഡി.എഫിന് പൂര്‍ണ ആത്മവിശ്വാസമാണെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന് 15,000 വരെ ഭൂരിപക്ഷം ലഭിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കളായ വി.കെ. ശ്രീകണ്ഠനും ഷാഫി പറമ്പിലും വ്യക്തമാക്കി.
ഷാഫി കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ വലിയ ഭൂരിപക്ഷം നേടും. 12,000നും 15,000നും ഇടയില്‍ ഭൂരിപക്ഷം നേടി രാഹുല്‍ വിജയിക്കും. കല്‍പ്പാത്തിയിലെ 72 ബി.ജെ.പിക്കാര്‍ വോട്ട് ചെയ്തില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.യു.ഡി.എഫ് ശക്തികേന്ദ്രങ്ങളില്‍ വോട്ട് കുറഞ്ഞില്ല. പാലക്കാട് നഗരസഭയില്‍ എട്ട് ശതമാനം വോട്ട് കുറഞ്ഞു. ഈ തെരഞ്ഞെടുപ്പിലാണ് പിരായിരിയില്‍ ഏറ്റവും കൂടുതല്‍ വോട്ട് പോള്‍ ചെയ്തതെന്ന് വി.കെ. ശ്രീകണ്ഠന്‍ പറഞ്ഞു.
അന്തിമ കണക്കുകള്‍ ലഭിക്കാത്തത് കൊണ്ടാണ് പ്രതികരണം വൈകിയത്. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ സ്ഥാനം നിശ്ചയിച്ച് വലിയ പ്രചാരണമായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.പാലക്കാട് യു.ഡി.എഫ് ഉജ്ജ്വല വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പ്രതികരിച്ചു. പാലക്കാട് 71 ശതമാനത്തില്‍ അധികം പോളിങ് ഉണ്ട്. വീടുകളില്‍ ചെയ്ത വോട്ട് കൂടി ചേര്‍ക്കുമ്പോള്‍ പോളിങ് ശതമാനം ഉയരും.
യു.ഡി.എഫ് പ്രതീക്ഷിച്ച പോളിങ് ശതമാനമാണ് പാലക്കാടുണ്ടായത്. ടൗണില്‍ പോളിങ് കൂടിയെന്നും ഗ്രാമങ്ങളില്‍ പോളിങ് കൂടിയെന്നും ഇന്നലെ മാധ്യമങ്ങള്‍ പറഞ്ഞത് ശരിയല്ല. ടൗണില്‍ കുറയുകയും ഗ്രാമപ്രദേശങ്ങളില്‍ കൂടുകയുമാണ് ചെയ്തതെന്നും സതീശന്‍ പറഞ്ഞു.യു.ഡി.എഫ് ശക്തി കേന്ദ്രങ്ങളില്‍ എല്ലാം കൃത്യമായ പോളിങ് നടന്നിട്ടുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഉണ്ടായതിനേക്കാള്‍ ഉജ്ജ്വലമായ വിജയമുണ്ടാകും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ വോട്ട് പോള്‍ ചെയ്തിട്ടുണ്ട്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ യു.ഡി.എഫ് കേന്ദ്രങ്ങളില്‍ പോള്‍ ചെയ്തിട്ടുണ്ട്. അഞ്ച് തവണയാണ് പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയത്. അതുകൊണ്ടു തന്നെ പ്രതീക്ഷിച്ച ഫലം പാലക്കാടുണ്ടാകും. മറ്റുള്ളവരുടെ അവകാശവാദങ്ങളെ കുറിച്ച് ഒന്നും പറയുന്നില്ലെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.