കൊച്ചിയിൽ റെയിൽവേ ജീവനക്കാരനെ ആക്രമിച്ച് ഫോണും പണവും കവർന്നു; നാലംഗ സംഗം പിടിയിൽ
കൊച്ചി: റെയിൽവേ ജീവനക്കാരനെ ആക്രമിച്ച് ഫോണും പണവും കവർന്ന കവർച്ചസംഘം പിടിയിൽ. കമ്മട്ടിപ്പാടത്തിന് സമീപമാണ് സംഭവം.ട്രെയിനിൽ കയറി ആക്രമണം നടത്തിയ പശ്ചിമ ബംഗാൾ സ്വദേശികളായ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്ഥിരമായി ഒരിടത്തും സ്ഥിരതാമസമാക്കാതെ മോഷണം നടത്തുകയും കിട്ടുന്ന പണം ആർഭാട ജീവിതത്തിനും ലഹരിക്കുമായി ചെലവഴിക്കുകയാണ് ഇവരുടെ ശീലമെന്ന് റെയിൽവേ പോലീസ് പറഞ്ഞു. എറണാകുളം മാർഷലിംഗ് യാർഡിൽ നിന്ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലേക്ക് യാത്രക്കാരില്ലാതെ വരികയായിരുന്നു ടാറ്റാ നഗർ എക്‌സ്പ്രസ്.
ട്രെയിനിന്‍റെ പിറക് വശത്തേക്ക് ഓടികയറിയ അക്രമികൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന റെയിൽവേ ഉദ്യോഗസ്ഥനെ ആക്രമിച്ച് മൊബൈൽ ഫോൺ പിടിച്ചുപറിക്കുകയായികുന്നു. ഒന്നര ലക്ഷം രൂപ വില വരുന്ന ഫോൺ അടക്കം 4 ഫോണുകളാണ് ഇവർ മോഷ്‌ടിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പശ്ചിമബംഗാൾ സ്വദേശികളായ നാല് പേരെ റെയിൽവേ ക്രൈം ഇന്‍റലിജൻസ് ബ്രാഞ്ച് പിടികൂടിയത്. ബംഗാൾ സ്വദേശികളായ എം.ഡി. മിസ്തർ, അബു താലിം, ലാൽ ബാബു, എന്നിവരും ഒരു പ്രായപൂർത്തിയാകാത്ത ആളുമാണ് പിടിയിലായത്.