ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി; മരണം 25
ഹൈദരാബാദ്: ആന്ധ്രാ, തെലങ്കാന സംസ്ഥാനങ്ങളിൽ കഴിഞ്ഞ രണ്ട ദിവസമായി തുടരുന്ന കനത്ത മഴയിൽ 25 പേർക്ക് ജീവൻ നഷ്ടമായി. മഴയുടെ പശ്ചാത്തലത്തിൽ 140-ലേറെ തീവണ്ടികള്‍ റദ്ദാക്കി. ട്രാക്കില്‍വെള്ളം കയറിയതിനെത്തുടര്‍ന്ന് പല തീവണ്ടികളും വഴിതിരിച്ചുവിടുകയും ചെയ്തു. ഹൈദരാബാദില്‍ ഇന്ന് (തിങ്കളാഴ്ച) സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രാദേശിക സാഹചര്യം പരിഗണിച്ച് സ്‌കൂളുകള്‍ക്ക് അവധി നല്‍കാന്‍ സര്‍ക്കാര്‍ വിവിധ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
റോഡുകൾ തകർന്നതിനെ തുടർന്ന് 115 ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടുപോയതായി തെലങ്കാന സര്‍ക്കാര്‍ അറിയിച്ചു. ഖമ്മം ജില്ലയില്‍ മുന്നേരു നദി 30 വര്‍ഷത്തിനുശേഷം കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് ഒട്ടേറെ വീടുകളില്‍ വെള്ളം കയറി. സുര്യാപേട്ട് ജില്ലയില്‍ നാഗാര്‍ജുനസാഗറിന്റെ ഇടത് കനാല്‍ തകര്‍ന്നതിനെത്തുടര്‍ന്ന് 300 ഏക്കറോളം കൃഷി നശിച്ചു. ഹുസൂര്‍ നഗര്‍ മണ്ഡലില്‍ 150 ഏക്കര്‍ പാടം വെള്ളത്തിനടിയിലായി. ബദമേരു അരുവി 20 വര്‍ഷത്തിന് ശേഷം വീണ്ടും കവിഞ്ഞൊഴുകി. ചേരികളില്‍ താമസിക്കുന്ന 2,76,000-ഓളം ആളുകളെ ഇത് ബാധിച്ചതായാണ് റിപ്പോര്‍ട്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവുമായും തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുമായും ഫോണില്‍ സംസാരിച്ചു. ആവശ്യമായ എല്ലാസഹായവും കേന്ദ്രം ഉറപ്പുനല്‍കി. എന്‍.ഡി.ആര്‍.എഫിന്റെ 26 സംഘത്തെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി ആന്ധ്രയിലും തെലങ്കാനയിലുമായി നിയോഗിച്ചിട്ടുണ്ട്.