Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മഴക്കെടുതി: സംസ്ഥാനത്ത് മൂന്ന് മരണം

03:04 PM Jul 16, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന മഴയില്‍ വ്യാപക നാശനഷ്ടം. മഴക്കെടുതിയില്‍ ഇന്ന് മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. പാലക്കാടും കണ്ണൂരുമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Advertisement

പാലക്കാട് കൊട്ടേക്കാട് വീടിന്റെ ചുമരിടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു. കൊട്ടേക്കാട് കൊടക്കുന്ന് വീട്ടില്‍ പരേതനായ ശിവന്റെ ഭാര്യ സുലോചന (53), മകന്‍ രഞ്ജിത്ത് (32) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. ഒറ്റമുറി വീട്ടിലായിരുന്നു കിടപ്പുരോഗിയായ സുലോചനയും മകന്‍ രഞ്ജിത്തും താമസിച്ചിരുന്നത്. കണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് വയോധിക മരിക്കുകയായിരുന്നു. കോളേരി സ്വദേശി കുഞ്ഞാമിന (51) ആണ് മരിച്ചത്. വെള്ളക്കെട്ടിനടിയിലുണ്ടായിരുന്ന ആള്‍മറയില്ലാത്ത കിണറ്റിലാണ് കുഞ്ഞാമിന വീണത്.കനത്ത മഴയെത്തുടര്‍ന്ന് പെരിയാറില്‍ വെള്ളം ഉയര്‍ന്നതോടെ ആലുവ ശിവക്ഷേത്രം മുങ്ങി. ക്ഷേത്രപരിസരത്തെ മണല്‍പ്പുറം പൂര്‍ണമായും മുങ്ങിയിരിക്കുകയാണ്.

കോട്ടയം- കുമരകം- ചേര്‍ത്തല പാതയില്‍ ബണ്ട് റോഡില്‍ ഓടിക്കൊണ്ടിരുന്ന രണ്ട് കാറുകള്‍ക്ക് മുകളിലേയ്ക്ക് മരം വീണു. ആളപായമില്ല. കുമ്മനം ഇളങ്കാവ് ക്ഷേത്രത്തിന്റെ നടപ്പന്തലിന് മുകളില്‍ മരം വീണു.ചപ്പാത്ത്- കട്ടപ്പന റോഡില്‍ ആലടി ഭാഗത്ത് പഴയ കല്‍ക്കെട്ട് ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിലായതിനെത്തുടര്‍ന്ന് ഗതാഗതം നിരോധിച്ചു. മണതോട്ടില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു.തൃശൂര്‍ ഒല്ലൂര്‍ ചീരാച്ചിയില്‍ കൂറ്റന്‍ മാവ് കാറിനുമുകളിലേയ്ക്ക് കടപുഴകി വീണു.കടപുഴകി വീണ മരത്തിന്റെ ചില്ലകള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന ബസിന് മുകളിലേയ്ക്ക് പതിച്ചു. കുട്ടികള്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. മങ്ങാട് സര്‍ക്കാര്‍ എച്ച് എസ് എസ് വളപ്പിലെ കൂറ്റന്‍ മരമാണ് കടപുഴകിയത്.കനത്ത മഴയെത്തുടര്‍ന്ന് തെങ്കാശി കുറ്റാലം വെള്ളച്ചാട്ടം, ആര്യങ്കാവ് പാലരുവി വെള്ളച്ചാട്ടം എന്നിവിടങ്ങളിലേയ്ക്ക് പ്രവേശനം തടഞ്ഞിരിക്കുകയാണ്. ആലപ്പുഴയില്‍ ജില്ലയില്‍ 31 വീടുകള്‍ ഭാഗികമായി തകര്‍ന്നു. കൈനകരിയിലും എടത്വയിലും വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. മട്ടാഞ്ചേരി പാലത്തിന് സമീപം മരച്ചില്ല ഒടിഞ്ഞുവീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു. സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന ഇവര്‍ മഴയെത്തുടര്‍ന്ന് വഴിയോരത്ത് നില്‍ക്കുകയായിരുന്നു. ഷിയാദ് മന്‍സിലില്‍ ഉനൈസ് (30), ഭാര്യ അലീന (28) എന്നിവരുടെമേലാണ് മരക്കൊമ്പ് പതിച്ചത്. ഇരുവരും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഉനൈസിന്റെ നില ഗുരുതരമാണെന്നാണ് വിവരം.

Advertisement
Next Article