മകൾക്കൊപ്പം കലോത്സവ നഗരിയിൽ സ്റ്റാറായി രാജ് കലേഷ്
കൊല്ലം: ഇന്നലെ നാടക മത്സരം നടന്ന സോപാനം ആഡിറ്റോറിയത്തിലെ രണ്ടാംവേദിക്ക് സമീപം പെട്ടെന്നൊരു ആൾക്കൂട്ടം ഉണ്ടായി. പലരും വന്ന് ചിത്രങ്ങൾ എടുക്കുകയും സംസാരിക്കുകയുമെല്ലാം ചെയ്യുന്നു. മലയാളികൾക്കെല്ലാം സുപരിചിതനായ മജീഷ്യനും അവതാരകനും സ്റ്റേജ് കൊറിയോഗ്രാഫറുമൊക്കെയായ രാജ് കലേഷ് ആയിരുന്നു അത്. സംസ്ഥാന കലോത്സവ നഗരിയിൽ മകൾക്കൊപ്പം എത്തിയതായിരുന്നു അദ്ദേഹം. ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിലെ മത്സരാർത്ഥിയാണ് മകൾ ദക്ഷ. വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് ദക്ഷ. അച്ഛനെപ്പോലെ തന്നെ മകളും ബഹുമുഖപ്രതിഭയാണ്. സ്പോർട്സ് ആണ് ദക്ഷയുടെ ഇഷ്ട വിനോദം. റിഥമിക് ജിംനാസ്റ്റിക്സ് എന്ന ഇനത്തിൽ നിരവധി സംസ്ഥാന-ദേശീയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഡൽഹിയിലും ബാംഗ്ലൂരിലും നടന്ന സ്കൂൾ ഗെയിംസിൽ പങ്കെടുത്ത ശേഷമാണ് ദക്ഷ സംസ്ഥാന സ്കൂൾ കലോത്സവ വേദിയിലേക്ക് എത്തിയത്. തിരുവനന്തപുരം ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു സംസ്ഥാന കലോത്സവ വേദിയിലേക്കുള്ള എൻട്രി. 'ക്ലാ…ക്ലാ… ക്ലീ …ക്ലീ …ക്ലൂ … ക്ലൂ … മുറ്റത്തൊരു മൈന സുരേഷ് തിരിഞ്ഞു നോക്കി' എന്ന സ്കൂൾ പാഠഭാഗത്തെ പ്രമേയമാക്കിയാണ് ദക്ഷയും കൂട്ടുകാരും നാടകം ചിട്ടപ്പെടുത്തിയത്. നാടകത്തിൽ പ്രധാന കഥാപാത്രമായ സുരേഷ് ആയി വേഷമിട്ടത് ദക്ഷ തന്നെയായിരുന്നു. 1996ൽ അന്നത്തെ സ്കൂൾ കലോത്സവത്തിൽ നാടക വേദിയിൽ രാജ് കലേഷ് നിറഞ്ഞാടിയിരുന്നു. വർഷങ്ങൾക്കിപ്പുറം കൊല്ലത്തെ കലോത്സവവേദിയിൽ എത്തി നിൽക്കുമ്പോൾ അന്നത്തെ ഓർമകൾ രാജ് കലേഷിന്റെ മനസ്സിലുണ്ട്. ഉച്ചാടനം എന്ന നാടകവും ആയിട്ടായിരുന്നു അന്ന് രാജ് കലേഷ് സംസ്ഥാന കലോത്സവ വേദിയിൽ എത്തിയത്. ഇന്ന് മകൾ അതേ വേദിയിൽ എത്തുമ്പോൾ തികഞ്ഞ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു കാലഘട്ടങ്ങളെയും താരതമ്യം ചെയ്യുവാനും അദ്ദേഹം മറന്നില്ല. ഇപ്പോൾ കലോത്സവ ഇനങ്ങൾ മാസങ്ങൾക്ക് മുമ്പേ പരിശീലനം തുടങ്ങുന്നുവെന്നും വലിയ പിന്തുണ മത്സരാർത്ഥികൾക്ക് മികച്ച പ്രോത്സാഹനം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വീക്ഷണത്തോട് പറഞ്ഞു. ഒട്ടേറെ നാടകങ്ങൾ കണ്ടെന്നും എല്ലാം മികച്ച പ്രകടനങ്ങൾ ആയിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദക്ഷയുടെ ആദ്യ സംസ്ഥാന കലോത്സവ വേദിയായിരുന്നു കൊല്ലത്തേത്. രാജ് കലേഷിനൊപ്പം ഒപ്പം ഭാര്യ ദിവ്യയും മകൾക്കൊപ്പം പിന്തുണയുമായി രംഗത്തുണ്ട്. മകൻ ദർശ് മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.