രാജീവ് സ്മരണയിൽ രാജ്യം; ഇന്ന് രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം
ഇന്ന് നാം കാണുന്ന ഇന്ത്യൻ മഹാരാജ്യത്തെ സമാനതകളില്ലാത്ത വികസന കുതിപ്പിലേക്ക് നയിച്ച ക്രാന്തദർശിയായ നേതാവും ഭരണാധികാരിയുമായിരുന്നു രാജീവ് ഗാന്ധി. ഡിജിറ്റൽ വിപ്ലവം രാജ്യത്ത് നടപ്പാക്കിയ രാജീവ് ജി മൺമറഞ്ഞിട്ട് 33 വർഷങ്ങൾ പിന്നിടുന്നു. 1991 മെയ് മാസം ഇരുപത്തിയൊന്നാം തീയതി തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ ഭീകരവാദികളുടെ ചാവേർ ആക്രമണത്തിൽ ചിന്നി ചിതറിയത് ഇന്ത്യയുടെ ഭാവി പ്രതീക്ഷകൾ കൂടിയായിരുന്നു. ഇന്ത്യയുടെ വിദ്യാഭ്യാസ സാമ്പത്തിക രംഗങ്ങളിൽ ലോകരാഷ്ട്രങ്ങൾക്കു മുൻപിൽ പോലും അഭിമാനകരമായ നേട്ടങ്ങളിലേക്ക് നയിച്ച നായകന്റെ ഓർമ്മകൾ ഇന്നും നമുക്ക് കരുത്താണ്. രാജീവ് ഗാന്ധി എന്ന നേതാവ് എല്ലാ ജനങ്ങൾക്കും സ്വീകാര്യനായിരുന്നു. രാജ്യത്തിന്റെ അഖണ്ഡതയെ മുറുകെപ്പിടിച്ച് രാജീവ് ഇന്ത്യയെ നയിച്ചപ്പോൾ നാട് നടന്നു കയറിയ വികസനപ്പടവുകൾ ഏറെയാണ്. വർഗീയ വിഘടനവാദികൾ ഇന്ത്യയെ കീറിമുറിക്കുമ്പോൾ രാജീവ് ഗാന്ധിയും അദ്ദേഹം ഉയർത്തിക്കാട്ടിയ ആദർശ രാഷ്ട്രീയവും ഇന്ത്യയിൽ നിറഞ്ഞുനിൽക്കുക തന്നെ ചെയ്യും.