രാജ്യസഭാ അർഹത ജോസിനും ശ്രേയാംസിനും: ചെറിയാൻ ഫിലിപ്പ്
ഒഴിവു വരുന്ന എൽ.ഡി.എഫിന്റെ രണ്ടു രാജ്യസഭാ സീറ്റുകളിൽ കേരള കോൺഗ്രസിലെ ജോസ്.കെ.മാണിക്കും രാഷ്ട്രീയ ജനതാദളിലെ എം.വി.ശ്രേയാംസ് കുമാറിനും അർഹതയും അവകാശവുമുണ്ട്.
കേരള കോൺഗ്രസിനും രാഷ്ട്രീയ ജനതാദളിനും രാജ്യസഭാ സീറ്റ് യു.ഡി.എഫ് നൽകിയതാണ്. കോൺഗ്രസിന് നിലവിലുണ്ടായിരുന്ന സീറ്റുകൾ ത്യജിച്ചാണ് ഇവർക്ക് നൽകിയത്. എൽ.ഡി.എഫിലെത്തിയ ഇവർക്ക് ആ സീറ്റുകൾ തുടർന്നു നൽകുകയെന്നത് മുന്നണി രാഷ്ട്രീയ മര്യാദയാണ്. നേരത്തേ ആർ.എസ്.പി യിലെ എൻ.കെ.പ്രേമചന്ദ്രന് രാജ്യസഭാ സീറ്റ് എൽ.ഡി.എഫ് നൽകിയിരുന്നു. ഇപ്പോൾ സി.പി.എം ന് നാലുസീറ്റും സി.പി.ഐയ്ക്ക് രണ്ടു സീറ്റുമാണ്. എല്ലാ സീറ്റുകളും സി പി എം, സി.പി.ഐ എന്നിവർ മാത്രം പങ്കിട്ടെടുക്കുന്നതിൽ അനൗചിത്യമുണ്ട്.
എൽ.ഡി.എഫിൽ എല്ലാ ഘടക കക്ഷികൾക്കും മന്ത്രി സ്ഥാനം നൽകിയപ്പോൾ രാഷ്ട്രീയ ജനതാദളിലെ കെ.പി.മോഹനനെ മാത്രം ഒഴിവാക്കിയത് ക്രൂരമായ വിവേചനമാണ്. ദേശീയ തലത്തിൽ ബി.ജെ.പി ഘടകകക്ഷിയായ ദേവഗൗഢയുടെ ജനതാദൾ എസിന്റെ പ്രതിനിധി എൽ.ഡി.എഫ് മന്ത്രിസഭയിൽ ഇപ്പോഴും തുടരുന്നു.