ശയനപ്രദക്ഷിണം നടത്തേണ്ടത് പിണറായി വിജയനെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ജനങ്ങളുടെയും ജീവനക്കാരുടെയും ജീവിതം ദു:സഹമാക്കിയ മുഖ്യമന്ത്രി പിണറായി വിജയനാണ് കേരള ഭരണത്തിന്റെ ശ്രീകോവിലായ സെക്രട്ടേറിയറ്റിന് ചുറ്റും ശയനപ്രദക്ഷിണം നടത്തേണ്ടതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശമ്പള പരിഷ്‌ക്കരണം അടിയന്തരമായി നടപ്പിലാക്കുക, ആറു ഗഡു (19%) ഡി എ അനുവദിക്കുക ,ലീവ് സറണ്ടര്‍ പുന:സ്ഥാപിക്കുക, 2019ലെ ശമ്പള പരിഷ്‌ക്കരണ കുടിശ്ശിക അനുവദിക്കുക,പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുന:സ്ഥാപിക്കുക, മെഡിസെപ്പ് അപാകതകള്‍ പരിഹരിക്കുക, വിലക്കയറ്റം തടയുക, ജീവനക്കാരുടെ വിഹിതം പിടിച്ചു കൊണ്ട് ജീവാനന്ദം പദ്ധതി നടപ്പിലാക്കുന്നത് ഉപേക്ഷിക്കുക, സെക്രട്ടേറിയറ്റ് സര്‍വീസ് സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ശയന പ്രദക്ഷിണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ ഇര്‍ഷാദ് എം എസ് അധ്യക്ഷത വഹിച്ചു.
വലിയ അതിക്രമങ്ങളാണ് കേരളത്തില്‍ നടമാടുന്നത്. അതിലൊന്നും ശരിയായ ദിശയില്‍ യാതൊന്നും ചെയ്യാത്ത മുഖ്യമന്ത്രി ജീവനക്കാരെ ശയന പ്രദക്ഷിണത്തിലേക്ക് തള്ളിവിടുകയാണ്.അഞ്ചു വര്‍ഷം മുമ്പുള്ള ശമ്പള പരിഷ്‌ക്കരണത്തിന്റെ കുടിശ്ശിക ജീവനക്കാരുടെ പി എഫില്‍ പോലും ലയിപ്പിച്ചിട്ടില്ല. ശമ്പളപരിഷ്‌ക്കരണ കമ്മീഷനെ അടിയന്തരമായി നിയമിക്കുന്നതിന് എന്തുകൊണ്ട് സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി ഇനിയും തയ്യാറായിട്ടില്ല. ആറു ഗഡു ഡി എ കിട്ടാനുണ്ടായിട്ട് അത് ജീവനക്കാര്‍ക്ക് നല്‍കുന്നില്ല. ലീവ് സറണ്ടര്‍ ഇടതുഭരണകാലത്ത് സ്വപ്‌നമായി മാറിയിരിക്കുന്നു. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് വാഗ്ദാനം നടത്തിയ ഇടതുമുന്നണിയുടെ ഭരണകാലത്ത് സി പി ഐ സംഘടനക്ക് അതു സംബന്ധിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കിട്ടാന്‍ സുപ്രീം കോടതിയില്‍ പോകേണ്ടി വന്നു. ഇടതു പക്ഷക്കാര്‍ക്ക് പോലും നീതി കിട്ടാത്ത ഭരണകൂടമാണ് നാട്ടിലുളളത്.മെഡിസെപ്പില്‍ ചികിത്സയ്ക്ക് ക്ഷാമകാലമാണ്. കാര്‍ഡുമായി ആശുപത്രിയിലെത്തുന്ന ജീവനക്കാരന്‍ നിരാശയും ശാപവചനവുമായാണ് തിരികെ പോകുന്നത്.
മാസാമാസം ജീവനക്കാരില്‍ നിന്നും നിര്‍ബന്ധപൂര്‍വം നിശ്ചിത വിഹിതം ഈടാക്കി ജീവാനന്ദം നടപ്പാക്കാക്കാനുള്ള ആഗ്രഹം സര്‍ക്കാര്‍ ഉപേക്ഷിക്കുന്നതാണ് നല്ലത് .അത് ഒരു കാരണവശാലും അംഗീകരിക്കുന്ന പ്രശ്‌നമില്ല.കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പുരുഷോത്തമന്‍ കെ പി, കേരള ഫൈനാന്‍സ് സെക്രട്ടേറിയറ്റ് അസോസിയേഷന്‍ പ്രസിഡന്റ് പി എന്‍ മനോജ്കുമാര്‍, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷന്‍ പ്രസിഡന്റ് കുമാരി അജിത പി, ജനറല്‍ സെക്രട്ടറി മോഹനചന്ദ്രന്‍ എം എസ്, കേരള ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി വി എ ബിനു, കെ എം അനില്‍കുമാര്‍, ജലജകുമാരി, എ സുധീര്‍, ഗോവിന്ദ് ജി ആര്‍, രഞ്ജിഷ്‌കുമാര്‍ ആര്‍, സജീവ് 'പരിശവിള, നൗഷാദ് ബദറുദ്ദീന്‍,.റീജ് എന്‍, രാജേഷ് ആര്‍,, പ്രസീന എന്‍, പാത്തുമ്മ വി എം, സുനിത എസ് ജോര്‍ജ്, ഉമൈബ വി, തിബീന്‍ നീലാംബരന്‍, അജേഷ് എം, രാജേഷ് എം ജി, ആനാട് രാമചന്ദ്രന്‍ നായര്‍ , മീര സുരേഷ്. ശില്പ, ഗായത്രി, റീജ തുടങ്ങിയവര്‍ സംസാരിച്ചു.