For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

മഹാരാഷ്ട്രാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു വേണ്ടി കര്‍ട്ടനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന പി.ആര്‍ ഏജന്‍സിയാണ് കൈസണ്‍ എന്ന് രമേശ് ചെന്നിത്തല

05:32 PM Oct 02, 2024 IST | Online Desk
മഹാരാഷ്ട്രാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്കു വേണ്ടി കര്‍ട്ടനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന പി ആര്‍ ഏജന്‍സിയാണ് കൈസണ്‍ എന്ന് രമേശ് ചെന്നിത്തല
Advertisement

തിരുവനന്തപുരം: വരാനിരിക്കുന്ന മഹാരാഷ്ട്രാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കും വേണ്ടി കര്‍ട്ടനു പിന്നില്‍ നിന്നു പ്രവര്‍ത്തിക്കുന്ന പി.ആര്‍ ഏജന്‍സിയാണ് കൈസണ്‍ എന്ന് വിവരം ലഭിച്ചതായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. ബി.ജെ.പിക്കു വേണ്ടി തെരഞ്ഞെടുപ്പ് കൈകാര്യം ചെയ്യുന്ന പി.ആര്‍ ഏജന്‍സി എങ്ങനെ പിണറായി വിജയന്റെ ഓഫീസിനകത്തു കടന്നു കൂടി എന്നാലോചിക്കണം. ബി.ജെ.പി നേതൃത്വത്തിന്റെ നിര്‍ദേശാനുസരമാണ് പിണറായി വിജയന്‍ ഈ ഏജന്‍സിയെ നിയോഗിച്ചിരിക്കുന്നത് എന്നതുറപ്പാണ്.

Advertisement

മുഖ്യമന്ത്രി ജനങ്ങളോട് പറയുന്ന വാചകങ്ങളും വാക്കുകളും വരെ ഈ ഏജന്‍സിയാണ് നിശ്ചയിക്കുന്നത്. മലപ്പുറത്തെയും ന്യൂനപക്ഷ സമുദായത്തെയും താറടിച്ചു കാണിക്കുകയെന്നത് ബി.ജെ.പിയുടെ അജണ്ടയാണ്. ആ അജണ്ടയാണ് ഇപ്പോള്‍ പിണറായി വിജയന്റെ ഹിന്ദു പത്രത്തില്‍ വന്ന അഭിമുഖത്തിലൂടെ സംഘ് പരിവാര്‍ നിര്‍വഹിച്ചിരിക്കുന്നത്.ഉടഞ്ഞ വിഗ്രഹമാണ് പിണറായി വിജയന്‍. ആ മുഖം മിനുക്കാന്‍ ഇനി ഒരു പിആര്‍ ഏജന്‍സിക്കും ആവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി ഒരു പി.ആര്‍ ഏജന്‍സിയെ നിയമിച്ചു എന്ന വെറുമൊരു വിഷയമല്ല, മറിച്ച് ബി.ജെ.പി നേതൃത്വം നിര്‍ദേശിച്ച പി. ആര്‍ ഏജന്‍സിയെ കേരളത്തിലെ സി.പി.എം മുഖ്യമന്ത്രി നിയോഗിച്ചു എന്നതാണ് പ്രധാനം. ഈ ഏജന്‍സി മുഖ്യമന്ത്രിക്കു വേണ്ടി മാധ്യമഅഭിമുഖങ്ങള്‍ സൃഷ്ടിച്ച് മുഖ്യമന്ത്രിയുടെ അറിവോടു കൂടി തന്നെ സംഘ് പരിവാര്‍ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.

മുഖ്യമന്ത്രി അറിയാതെ എങ്ങനെയാണ് ഒരു പി.ആര്‍ ഏജന്‍സിക്ക്് അഭിമുഖത്തില്‍ മാറ്റം വരുത്താന്‍ ആവുക. മുഖ്യമന്ത്രി അതിനു മുമ്പു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ കൂടി ചേര്‍ത്തു കൊടുക്കാന്‍ മുഖ്യമന്ത്രി തന്നെ നിര്‍ദേശിച്ചതാണ്. ബി.ജെ.പി നേതൃത്വത്തെ സന്തോഷിപ്പിക്കുന്നതിനാണ് ഇത് ഇംഗ്ളീഷ് ദേശീയ മാധ്യമത്തിന് കൊടുത്തത്. അവരെ സന്തോഷിപ്പിച്ച ശേഷം വിവാദമായപ്പോള്‍ പിന്‍വലിച്ചു കൈകഴുകാന്‍ ശ്രമിക്കുന്നു.

പിണറായി വിജയന്‍ പൂര്‍ണമായും ബി.ജെ.പിക്ക് അടിമപ്പെട്ട് സംഘപരിവാറിന്റെ ജിഹ്വയായി മാറിയിരിക്കുന്നു. വളരെ ആപല്‍ക്കരമായ അവസ്ഥയാണിത്. കേരളാ മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോകകേന്ദ്രമായി നിലനിര്‍ത്തുകയെന്നാണ് പിണറായിയുടെയും സംഘത്തിന്റെയും ലക്ഷ്യം. ഇതിനു പകരം ബി.ജെ.പിക്കു വേണ്ടി കടുത്ത ന്യൂനപക്ഷ വിരുദ്ധ നിലപാട് സ്വീകരിച്ച് കേരളത്തിലെ മതന്യൂനപക്ഷങ്ങളെ ഒറ്റിക്കൊടുക്കുകയാണ് പിണറായി.

പുരം പൊളിച്ച് ബി.ജെ.പി സ്ഥാനാര്‍ഥിക്കു വിജയത്തിന് അവസരം ഉണ്ടാക്കിക്കൊടുത്തത് എന്തിനാണെന്നും വിശ്വസ്തനായ എ.ഡി.ജി.പിയെ ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ചയ്ക്കു പറഞ്ഞു വിട്ടത് എന്തിനാണെന്നും ഇപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്കു ബോധ്യമാകും. മുഖ്യമന്ത്രിക്കും കുടുംബത്തിനും ഓഫീസിലെ വിശ്വസ്തര്‍ക്കും സ്വതന്ത്രമായി മാഫിയ പ്രവര്‍ത്തനം തുടരാനുള്ള സ്വാതന്ത്രം കേന്ദ്രം നല്‍കുന്നു. പകരം ബി.ജെ.പിയുടെ അജണ്ട അവര്‍ക്കു വേണ്ടി പിണറായി വിജയന്‍ നടപ്പാക്കുന്നു.

മലപ്പുറത്തെ താറടിച്ചു കാണിക്കുകയെന്നത് മുഖ്യമന്ത്രിയുടെ മാത്രം അജണ്ടയല്ല. അന്‍വര്‍ പ്രശ്നം ഒരു കാരണമാക്കി എടുത്ത് മുഖ്യമന്ത്രി സംഘ പരിവാര്‍ അജണ്ടയാണ് നടപ്പാക്കുന്നത്. പിണറായി വിജയന്‍ മാപ്പു പറഞ്ഞു സ്ഥാനമൊഴിയണെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Tags :
Author Image

Online Desk

View all posts

Advertisement

.