റാമോജി ഗ്രൂപ്പിന്റെ സ്ഥാപകൻ രാമോജി റാവു അന്തരിച്ചു
ഹൈദരാബാദ്: വ്യവസായിയും റാമോജി ഗ്രൂപ്പിന്റെ ഉടമസ്ഥനുമായ റാമോജി റാവു (87) അന്തരിച്ചു. രക്തസമ്മര്‍ദ്ദം, ശ്വാസതടസ്സം അടക്കമുള്ള അസുഖങ്ങളെതുടർന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ഇടിവി, ഈനാട് എന്നീ പ്രമുഖ മാധ്യമസ്ഥാപനങ്ങളും 1983ൽ സ്ഥാപിതമായ ചലച്ചിത്ര നിർമാണ കമ്പനിയായ ഉഷാകിരൻ മൂവീസിന്റെ സ്ഥാപകനും കൂടിയാണ് റാമോജി റാവു. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പെഡപരുപ്പുടിയിൽ കാർഷക കുടുംബത്തിലാണ് റാവു ജനിച്ചത്. മാർഗദർസി ചിറ്റ് ഫണ്ട്, രാമദേവി പബ്ലിക് സ്കൂൾ, പ്രിയ ഫുഡ്സ് എന്നിവയുടെയും സ്ഥാപകനാണ് ഇദ്ദേഹം.
ആന്ധ്രാപ്രദേശിലെ ഡോൾഫിൻ ഗ്രൂപ്പ് ഓഫ് ഹോട്ടൽസിന്റെ ചെയർമാൻ കൂടിയാണ്. നാലു ഫിലിംഫെയർ അവാർഡുകളും ദേശീയ ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. 2016ൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.