രാഷ്ട്രപതി പാർലമെന്റിൽ, കേന്ദ്ര ബജറ്റ് നാളെ
ന്യൂഡൽഹി: കേന്ദ്ര ബജറ്റ് നാളെ. ഇതിനു മുന്നോടിയായി കേന്ദ്ര സർക്കാരിന്റെ നയങ്ങൾ പ്രഖ്യാപിക്കാൻ രാഷ്‌ട്രപതി ദ്രൗപദി മുർമു പാർലമെന്റിലെത്തി. 17ാം ലോക്സഭയുടെ അവസാന സമ്മേളനത്തിനാണ് ഇന്നു തുടക്കം കുറിക്കുന്നത്. പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യത്തെ നയപ്രഖ്യാപന പ്രസംഗമാണിതെന്ന പ്രത്യേകതയുമുണ്ട്.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നാളെ ഇടക്കാല ബജറ്റ് അവതരിപ്പിക്കും. ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ട് മുൻപ് ജനപ്രിയ ബജറ്റ് അവതരിപ്പിക്കാനായിരിക്കും സർക്കാർ നീക്കം. ആദായ നികുതി ഇളവുകൾ, ക്ഷേമപദ്ധതികൾ. സ്ത്രീകൾക്കും കർഷകർക്കുമുളള സഹായം അടക്കം ബജറ്റിലുണ്ടാകാനാണ് സാധ്യത.
2024ൽ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ 2019 ലേതിനേക്കാളേറെ സോപ്പുകൾ ബജറ്റിൽ പ്രതീക്ഷിക്കുന്നു.
2024 ൽ പാരീസ് ഒളിംപിക്സ് നടക്കാനിരിക്കുന്നത് കണക്കിലെടുത്ത് കായികരംഗത്തും പ്രഖ്യാപനങ്ങൾ വന്നേക്കും. പ്രതിപക്ഷം സർക്കാരിനെതിരെ ആയുധമാക്കുന്ന വിലക്കയറ്റം, തൊഴിലില്ലായ്മ എന്നീ രണ്ട് വലിയ പ്രശ്നങ്ങളെ സർക്കാർ ബജറ്റിൽ എങ്ങനെ ഉൾക്കൊള്ളുമെന്നതിലും ആകാംക്ഷ നിലനൽക്കുന്നുണ്ട്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ അവഗണിച്ചും കോർപ്പറേറ്റ് താത്പര്യങ്ങൾ സംരക്ഷിച്ചുമുള്ള ബജറ്റുകളാണ് മുൻകാലങ്ങളിൽ ബിജെപി അവതരിപ്പിച്ചിട്ടുള്ളത്.
ഉപരാഷ്‌ട്രപതി ജഗദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കർ ഓം ബിർല തുടങ്ങിയവർ ചേർന്ന് രാഷ്ട്രപതിയെ വരവേറ്റു.