എ.ടി.എം ഇടപാടുകളുടെ ചാര്‍ജ് വര്‍ധിപ്പിക്കാനൊരുങ്ങി ആര്‍.ബി.ഐ
മുംബൈ: എ.ടി.എം ഇടപാടുകള്‍ക്ക് ഇനി ചാര്‍ജേറും. കോണ്‍ഫെഡറേഷന്‍ ഓഫ് എ.ടി.എം ഇന്‍ഡസ്ട്രി ഇന്റര്‍ചേഞ്ച് ഫീ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആര്‍.ബി.ഐയേയും നാഷണല്‍ പേയ്‌മെന്റസ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയേയും സമീപിച്ചതോടെയാണ് ചാര്‍ജ് വര്‍ധനക്ക് കളമൊരുങ്ങിയത്. ഇന്റര്‍ചെഞ്ച് ഫീസ് 23 രൂപയാക്കി വര്‍ധിപ്പിക്കണമെന്നാണ് കോണ്‍ഫെഡറേഷന്‍ ഓഫ് എ.ടി.എം ഇന്‍ഡസ്ട്രി ആവശ്യപ്പെട്ടിരിക്കുന്നത്. കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് ബാങ്കുകള്‍ തമ്മില്‍ ഈടാക്കുന്ന നിരക്കാണ് ഇന്റര്‍ചെയ്ഞ്ച് ഫീസ്.
അക്കൗണ്ടുള്ള ബാങ്കിലെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് മറ്റൊരു ബാങ്കിന്റെ എ.ടി.എം കൗണ്ടറില്‍ നിന്നും ഉപഭോക്താവ് പണം പിന്‍വലിച്ചാല്‍ ഡെബിറ്റ് കാര്‍ഡ് നല്‍കിയ ബാങ്ക് പണം പിന്‍വലിക്കപ്പെട്ട എ.ടി.എമ്മിന്റെ ഉടമസ്ഥരായ ബാങ്കിന് നിശ്ചിത തുക നല്‍കണം. ഇതാണ് ഇന്റര്‍ചെയ്ഞ്ച് ഫീസ് എന്ന പേരില്‍ അറിയപ്പെടുന്നത്. ഇതില്‍ വര്‍ധന വേണമെന്നാണ് ഇപ്പോഴുള്ള ആവശ്യം.
2021ലാണ് അവസാനമായി ഇന്റര്‍ചെയ്ഞ്ച് ഫീസ് കൂട്ടിയത്. അന്ന് 15 രൂപയില്‍ നിന്നും 17 രൂപയാക്കിയാണ് ഉയര്‍ത്തിയത്. ഇന്റര്‍ചെയ്ഞ്ച് ഫീസായി പരമാവധി ഈടാക്കാവുന്ന തുക 20ല്‍ നിന്നും 21 രൂപയായും വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ സൗജന്യ എ.ടി.എം ഇടപാടുകള്‍ക്ക് ബാങ്കുകള്‍ പരിധി നിശ്ചയിച്ചിട്ടുണ്ട്. മെട്രോ നഗരങ്ങളില്‍ പരമാവധി അഞ്ച് എ.ടി.എം ഇടപാടുകള്‍ വരെ നടത്താം. മറ്റ് ബാങ്കുകളുടെ എ.ടി.എമ്മുകളിലാണെങ്കില്‍ പരമാവധി മൂന്ന് ഇടപാടുകള്‍ മാത്രമേ സൗജന്യമായി നടത്താനാവു.