'ദയാവധത്തിന് തയ്യാര്‍' ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ ഇടുക്കിയില്‍ വീണ്ടും പ്രതിഷേധം
അടിമാലി: സംസ്ഥാന സര്‍ക്കാറിന്റെ ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ ഇടുക്കി ജില്ലയില്‍ വീണ്ടും പ്രതിഷേധം. 'ദയാവധത്തിന് തയാര്‍' എന്ന ബോര്‍ഡ് സ്ഥാപിച്ചാണ് വൃദ്ധ ദമ്പതികളുടെ പ്രതിഷേധം. അടിമാലി അമ്പലപ്പടിയിലാണ് സംഭവം.ഭിന്നശേഷിക്കാരിയായ ഓമനയും ഭര്‍ത്താവ് ശിവദാസുമാണ് പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയത്. ദമ്പതികള്‍ നടത്തുന്ന പെട്ടിക്കടയുടെ മുന്നിലാണ് ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്.കുളമാങ്കുഴി ആദിവാസി മേഖലയില്‍ ഓമന-ശിവദാസ് ദമ്പതികള്‍ക്ക് ഭൂമിയുണ്ട്. എന്നാല്‍, വന്യമൃഗ ശല്യമുള്ളതിനാല്‍ ഈ ഭൂമിയില്‍ നിന്ന് ആദായം ലഭിക്കുന്നില്ല. വന്യമൃഗ ആക്രമണമുള്ളതിനാല്‍ പെട്ടിക്കടയില്‍ തന്നെയാണ് ദമ്പതികള്‍ കഴിയുന്നത്.പെട്ടിക്കടയിലെ വരുമാനം നിലച്ചതോടെ ഇവര്‍ സാമ്പത്തിക ബുദ്ധിമുട്ടിലായി. ജീവിത മാര്‍ഗത്തിനുള്ള ഏക ആശ്രയം സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷനായിരുന്നു. പെന്‍ഷന്‍ മുടങ്ങിയതോടെ ജീവിതം ദുരിതത്തിലായെന്ന് ദമ്പതികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഇടുക്കി അടിമാലിയില്‍ 70കാരിയായ മറിയക്കുട്ടിയും അന്നമ്മയും നടത്തിയ പ്രതിഷേധം വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ രണ്ട് ദിവസം മുമ്പ് 90കാരിയായ പൊന്നമ്മയും പെന്‍ഷന് വേണ്ടി തെരുവിലിറങ്ങി.വണ്ടിപ്പെരിയാറിലായിരുന്നു പൊന്നമ്മയുടെ പ്രതിഷേധം. തുടര്‍ന്ന് പൊലീസ് ഇടപെട്ട് പൊന്നമ്മയെ അനുനയിപ്പിച്ചു. വിഷയത്തില്‍ ഇടപെട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്ന് ഫോണിലൂടെ പൊന്നമ്മയെ അറിയിച്ചിരുന്നു.