റെക്കോർഡിട്ട ഭൂരിപക്ഷം; എറണാകുളത്തിന്റെ സ്വന്തം ഹൈബി
കൊച്ചി: യുഡിഎഫിന്റെ ഉറപ്പും യുവത്വത്തിന്റെ കരുത്തും നിറഞ്ഞ ഹൈബി ഈഡന് എറണാകുളത്ത് ഉജ്വല വിജയമാണ് ലോക് സഭതെരഞ്ഞെടുപ്പിൽ കൈവരിക്കാൻ സാദിച്ചിരിക്കുന്നത്. കാൽ ലക്ഷത്തിലേറെ ലീഡോടെ 7 നിയമസഭാ മണ്ഡലങ്ങളിലും, 90% ബൂത്തുകളിലും മുന്നിലെത്തി, എതിരാളികളെ നിലംപരിശാക്കി കോൺഗ്രസ് കോട്ടയുടെ പെരുമ ഒന്നുകൂടി ഉറപ്പിക്കുമ്പോൾ ഹൈബിയുടെ വിജയത്തിന്റെ തിളക്കമേറുന്നു. ഭൂരിപക്ഷത്തിൽ സ്വന്തം പിതാവിന്റെ പേരിലായിരുന്ന റെക്കോർഡ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തിരുത്തി, സ്വന്തം പേരിലുള്ള റെക്കോർഡും മറികടന്നുള്ള കുതിപ്പിലാണ് ഹൈബി.
1998 ലും 99 ലും എറണാകുളം എംപിയായ ജോർജ് ഈഡന്റെ മകൻ ഹൈബി ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പിൽ തന്നെ പിതാവിന്റെ റെക്കോർഡ് ഭൂരിപക്ഷം മറികടന്നു. 1,69,153 വോട്ട്. എൽഡിഎഫ് സ്ഥാനാർഥി കെ. ജെ. ഷൈൻ നേടിയ വോട്ടിനേക്കാൾ കൂടുതൽ ഭൂരിപക്ഷം ഹൈബിക്കു ലഭിച്ചു. 40 വർഷത്തെ മണ്ഡല ചരിത്രത്തിൽ എൽഡിഎഫിനു ഏറ്റവും കുറവു വോട്ടു ലഭിച്ച തെരഞ്ഞെടുപ്പാണിത്. ബിജെപിയിലും കരുത്തുറ്റ സ്ഥാനാർഥിയെ ഇറക്കി കളിച്ചെങ്കിലും നേട്ടമുണ്ടായില്ല.
ഇത്രയും വലിയൊരു പരാജയം എൽഡിഎഫും മുന്നിൽ കണ്ടില്ല. അവസാന കണക്കുകൂട്ടലിൽ 50000 വോട്ടിനു പിന്നിലെന്നായിരുന്നു എൽഡിഎഫ് കണക്ക്. എൻഡിഎക്കു തീരെ പ്രതീക്ഷയില്ലാത്ത മണ്ഡലത്തിൽ വോട്ട് വർധിപ്പിക്കുക മാത്രമായിരുന്നു ബിജെപിയുടെ ലക്ഷ്യം.
39,808 വോട്ട് നേടി അവരും സാന്നിധ്യം അറിയിച്ചതേയുള്ളു. നിയമസഭയിൽ എൽഡിഎഫ് പ്രതിനിധീകരിക്കുന്ന കൊച്ചി, കളമശേരി, വൈപ്പിൻ മണ്ഡലങ്ങളിൽ നിന്നുമാത്രം 108,601 വോട്ട് യുഡിഎഫിനു ഭൂരിപക്ഷം ലഭിച്ചു. ഹൈബിക്ക് ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ചത് തൃക്കാക്കരയിൽ നിന്നാണ്, 44900 വോട്ട്. എറണാകുളം നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫും എൻഡിഎയും തമ്മിലുള്ള വോട്ടു വ്യത്യാസം 2000 വോട്ടുമാത്രമാണ്. പാർട്ടി ഘടകങ്ങളും സജീവമായി രംഗത്തിറങ്ങി. പക്ഷേ, അതൊന്നും വോട്ടായി മാറിയില്ലെന്നതു പൊതു ട്രെൻഡ് മൂലമാണെന്നു സിപിഎമ്മിനു വിലയിരുത്തേണ്ടിവരും.