ചുവപ്പ് മഞ്ഞ പിന്നാലെ നീലയും
മഞ്ഞ, ചുവപ്പ് കാർഡുകൾക്കൊപ്പം മറ്റൊരു കാർഡ് കൂടി അവതരിപ്പിക്കുകയാണ് ഇന്റർനാഷണൽ ഫുട്‌ബോൾ അസോസിയേഷൻ ബോർഡ്. മത്സരത്തിൽ അനാവശ്യമായ ഫൗളുകൾ, ഒഫീഷ്യൽസിനോടുള്ള അപമര്യാദയായുള്ള പെരുമാറ്റം തുടങ്ങിയ അച്ചടക്ക ലംഘനങ്ങൾക്കാണ് നീല കാർഡ് പ്രയോഗിക്കുക.ആദ്യ ഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ഉപയോഗിക്കുക.
ഈ കാർഡ് ലഭിച്ചാൽ കളിക്കാരൻ പത്ത് മിനിറ്റോളം മൈതാനത്തിന് പുറത്തിരിക്കേണ്ടി വരും. ഒരു മത്സരത്തിൽ രണ്ട് നീലക്കാർഡ് ലഭിച്ച കളിക്കാരന് പിന്നെ ആ മത്സരത്തിൽ കളത്തിലിറങ്ങാനാവില്ല. ഒരു നീലക്കാർഡും ഒരു മഞ്ഞക്കാർഡും ലഭിച്ചാലും ചുവപ്പ് കാർഡുയർത്തി റഫറി താരത്തെ പുറത്താക്കും. കളിക്കാരുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനും മാച്ച് ഒഫീഷ്യലുകളോടുള്ള ബഹുമാനം വർധിപ്പിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പുതിയ കാർഡ് അവതരിപ്പിക്കുന്നത്. ടോപ് ടയർ മത്സരങ്ങളിൽ ഇപ്പോൾ പരീക്ഷിച്ചില്ലെങ്കിലും മറ്റു ചില പ്രധാന മത്സരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുമെന്നാണ് റിപ്പോർട്ട്.
താഴേത്തട്ടിലുള്ള ഫുട്ബോൾ മത്സരങ്ങളിൽ ബ്ലൂ കാർഡ് നേരത്തേതന്നെ അവതരിപ്പിച്ചിരുന്നു. എന്നാൽ മേൽത്തട്ടിലേക്ക് ഈ നിയമം കൊണ്ടുവരുന്നതിനോട് ഫിഫയ്ക്ക് യോജിപ്പില്ലെന്നാണ് റിപ്പോർട്ട്. ഇവ തത്കാലം പ്രാബല്യത്തിൽ വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നാണ് ഫിഫയുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.