പ്രശസ്ത ചിത്രകാരനും പത്മഭൂഷൺ ജേതാവുമായ എ രാമചന്ദ്രൻ അന്തരിച്ചു
പ്രശസ്ത ചിത്രകാരനും പത്മഭൂഷണ്‍ ജേതാവുമായ എ രാമചന്ദ്രൻ (89) അന്തരിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിയോടെ ന്യൂഡല്‍ഹിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ മകൻ രാഹുല്‍ ആണ് മരണ വിവരം മാധ്യമങ്ങളെ അറിയിച്ചത്. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിലാണ് രാമചന്ദ്രന്റെ ജനനം. 1961ല്‍ ബംഗാളിലെ ശാന്തി നികേതനില്‍ നിന്ന് ഫൈൻ ആർട്സില്‍ ഡിപ്ലോമ നേടിയ അദ്ദേഹം കേരളത്തിലെ ചുമർ ചിത്രകലയെക്കുറിച്ച് പഠനം നടത്തി. ഡല്‍ഹിയിലെ ജാമിയ മിലിയ ഇസ്ലാമിയയില്‍ ചിത്രകലാവിഭാഗം മേധാവിയായിരുന്നു. യയാതി, ഉർവശി, ന്യൂക്ലിയർ രാഗിണി തുടങ്ങിയവ പ്രശസ്ത ചിത്രങ്ങളില്‍ ചിലത്. ഭാരതീയ മിത്തുകളുടെ സ്വാധീനം നിറഞ്ഞുനില്‍ക്കുന്ന സൃഷ്ടികളാണ് ഏറെയും. എണ്ണച്ചായവും ജലച്ചായവും ആയിരുന്നു അദ്ദേഹത്തിന് കൂടുതല്‍ ഇഷ്ടമുള്ള മാധ്യമങ്ങൾ. 2005ല്‍ അദ്ദേഹത്തെ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. 2002ല്‍ ലളിതകലാ അക്കാദമിയുടെ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.