രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌ക്കരം: എയര്‍ലിഫ്റ്റിങ്ങിനുള്ള സാധ്യതകള്‍ തേടുന്നു
കല്‍പറ്റ: വയനാട് വയനാട് മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ വന്‍ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാകും. ദുരന്തസ്ഥലത്തേക്ക് എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചുപോയതാണ് വന്‍ പ്രതിസന്ധി. സംസ്ഥാന സര്‍ക്കാര്‍ എയര്‍ലിഫ്റ്റിങ്ങിനുള്ള സാധ്യതകള്‍ തേടിയിട്ടുണ്ട്. സുലൂരില്‍ നിന്ന് രണ്ട് ഹെലികോപ്റ്ററുകള്‍ ഉടന്‍ സ്ഥലത്തെത്തിയേക്കും.
കുടുങ്ങി കിടക്കുന്നവര്‍ ഉണ്ടെങ്കിലും എയര്‍ ലിഫ്റ്റിംഗ് വഴി രക്ഷാപ്രവര്‍ത്തനം നടത്തും. രണ്ട് കമ്പനി എന്‍.ഡി.ആര്‍.എഫ് ടീം കൂടെ രക്ഷാപ്രവര്‍ത്തിനായി എത്തും. മന്ത്രിമാരായ മുഹമ്മദ് റിയാസ്, ഒ.ആര്‍.കേളു, കെ.രാജന്‍ എന്നിവര്‍ ദുരന്ത സ്ഥലത്തെത്തും.
വയനാട് വയനാട് മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലാണ് പുലര്‍ച്ചെ വന്‍ ഉരുള്‍പൊട്ടലുണ്ടായത്. മുണ്ടുക്കൈ രണ്ടുതവണയാണ് ഉരുള്‍പ്പൊട്ടിയത്. 15 മൃതദേഹങ്ങള്‍ കണ്ടെത്തിയതായാണ് വിവരം. പുലര്‍ച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് മുണ്ടക്കൈ ടൗണ്ടില്‍ ആദ്യ ഉരുള്‍പൊട്ടലുണ്ടായത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് ചൂരല്‍മല സ്‌കൂളിനു സമീപം രണ്ടാമത്തെ ഉരുള്‍പൊട്ടലുണ്ടായത്. നിരവധിപേര്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. കനത്ത മഴ തുടരുകയാണ്.ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാല്‍ അവിടേക്ക് എത്തിപ്പെടാന്‍ പ്രതിസന്ധി നേരിടുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) യുടെ 20 അംഗ സംഘം മുണ്ടക്കൈയിലേക്ക് പോയിട്ടുണ്ട്. പാലം തകര്‍ന്നതിനാല്‍ കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടേക്ക് എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
മേഖലയില്‍ നാനൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടതായാണ് വിവരം. നിരവധി പേര്‍ക്ക് പരുക്കേറ്റു. നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയി. പ്രദേശത്തെ പ്രധാന റോഡും ചൂരല്‍മല ടൗണിലെ പാലവും തകര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി. മുണ്ടക്കൈയിലെ ഉരുള്‍പൊട്ടലിന്റെ വ്യാപ്തി സംബന്ധിച്ച വിവരം വ്യക്തമല്ല. പൊലീസും ഫയര്‍ഫോഴ്സും ജനപ്രതിനിധികളും നിലവില്‍ ദുരന്തമുണ്ടായ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ്, മേപ്പാടി പഞ്ചായത്തിലായിട്ടാണ് ഉരുള്‍ പൊട്ടിയത്.