തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ ഇനിയും പുറത്തെത്തിക്കാനായില്ല
ഡെറാഡൂൺ: ആറു ദിവസമായി ഉത്തരകാശിയിൽ തുരങ്കത്തിനുളളിൽ കുടുങ്ങിയ തൊഴിലാളികളെ ഇതുവരെ പുറത്തെത്തിക്കാനായില്ല.ഇവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ ആറാം ദിവസവും തുടരുന്നു. അമേരിക്കൻ നിർമിത നൂതന ആഗർ ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ചാണു രക്ഷാ പ്രവർത്തനം. വെള്ളിയാഴ്‌ച രാവിലെ ആറു മണി വരെ തുരങ്കത്തിനുള്ളിൽ നടത്തിയ രക്ഷാപ്രവർത്തനം, അടിഞ്ഞുകൂടിയ അവശിഷ്ടങ്ങളുടെ 21 മീറ്റർ വരെ തുരന്നതായി എമർജൻസി ഓപ്പറേഷൻ സെന്ററിലെ സിൽക്യാര കൺട്രോൾ റൂം അറിയിച്ചു.
എന്നാൽ, അവശിഷ്ടങ്ങൾക്കുള്ളിൽ കഠിനമായ ഒരു പദാർത്ഥത്തിന്റെ സാന്നിധ്യം കാരണം ഡ്രില്ലിംഗ് പ്രക്രിയ താൽക്കാലികമായി നിർത്തിവച്ചു. ഇത് രക്ഷാ പ്രവർത്തനത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ അടുത്ത് എത്താൻ ഏകദേശം 45 മുതൽ 60 മീറ്റർ വരെ ഡ്രില്ലിംഗ് തുടരേണ്ടിവരുമെന്നാണ് അധികൃതർ കണക്കാക്കുന്നത്. മണിക്കൂറിൽ 5 മീറ്റർ എന്ന രീതിയിലാണ് മെഷീൻ പ്രവർത്തിക്കുന്നത്. ഇത് മുൻപ് ഉണ്ടായിരുന്ന മെഷീന്റെ ശേഷിയേക്കാൾ കൂടുതലാണ് ഇപ്പോൾ സ്ഥാപിച്ച മെഷീനുകൾ.