ചരിത്രം തിരുത്തി, അച്ഛന്റെ അഭിവാദ്യമേറ്റുവാങ്ങി വൈഗ
സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളിലേക്ക് നടന്ന വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യു മികച്ച മുന്നേറ്റമായിരുന്നു നടത്തിയത്. ആ കൂട്ടത്തിൽ ഏറെ ശ്രദ്ധേയമായ വിജയമായിരുന്നു കളമശ്ശേരി ഗവ.വനിതാ പോളിടെക്നിക് കോളേജിലെ കെ എസ് യു നേടിയത്. 30 വർഷത്തെ എസ്എഫ്ഐ ആധിപത്യത്തെ തകർത്തെറിഞ്ഞുകൊണ്ടാണ് കെഎസ്‌യു സ്ഥാനാർത്ഥികൾ മുഴുവൻ സീറ്റുകളിലും വിജയിച്ചത്.
വിജയിച്ച ശേഷമുള്ള കെഎസ്‌യു പ്രവർത്തകരുടെ കളമശ്ശേരി ടൗണിലൂടെയുള്ള ആഹ്ലാദപ്രകടനത്തിന്റെ ഒരു ദൃശ്യമാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. ആഹ്ലാദപ്രകടനത്തിന് അഭിമുഖമായി കടന്നുവന്ന സ്വകാര്യ ബസ്സിലെ ഡ്രൈവർ മകളും നിയുക്ത യൂണിയൻ ചെയർപേഴ്സണുമായ വൈഗയെ അഭിവാദ്യം ചെയ്യുന്ന ദൃശ്യമാണ് ഇപ്പോൾ ഏറെ പങ്കുവെക്കപ്പെടുന്നത്. ആലുവ-എറണാകുളം റൂട്ടിലെ സ്വകാര്യ ബസ്സിലെ ഡ്രൈവറാണ് പിതാവായ ജിനുനാഥ്. വൈഗ മൂന്നാം വർഷ ആർക്കിടെക് ഡിപ്ലോമ വിദ്യാർഥിയാണ്. ആലുവ എടത്തല സ്വദേശിയാണ്.