Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മഹാത്മാഗാന്ധി സത്യത്തിനും ധർമത്തിനും വേണ്ടി നിലകൊണ്ട നേതാവ്: ഫൈസൽ ഖാൻ

04:54 PM Oct 14, 2024 IST | Online Desk
Advertisement
Advertisement

കൊച്ചി: മഹാത്മാഗാന്ധി സത്യത്തിനും ധർമത്തിനും വേണ്ടി നിലകൊണ്ട നേതാവാണെന്ന് പ്രമുഖ സാമൂഹ്യ മനുഷ്യാവകാശ പ്രവർത്തകൻ ഫൈസൽ ഖാൻ. എറണാകുളം ഡിസിസിയുടെയും സബർമതി പഠന ഗവേഷണ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ, മഹാത്മാഗാന്ധി കോൺഗ്രസ് പ്രസിഡന്റ് ആയതിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ട 'ഗാന്ധി- സത്യം കൊണ്ട് സ്വതന്ത്രമായ മാധ്യമ സംസ്കാരം' എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിൽ മാത്രമല്ല, സമസ്ത മേഖലകളിലും സത്യത്തിനും ധർമത്തിനും വേണ്ടിയുള്ള പോരാട്ടമായിരുന്നു മഹാത്മാഗാന്ധി നടത്തിയിരുന്നത്. ഗാന്ധി ഉയർത്തിക്കാട്ടിയ ആശയധാരയ്ക്ക് അത്രമേൽ പ്രസക്തിയുള്ള കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഇന്ന് രാജ്യം പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. പ്രതിസന്ധികളുടെ കാലത്തെ പ്രത്യാശയുടെ ശബ്ദമാണ് ഗാന്ധി.

രാജ്യം മുന്നോട്ടു നയിക്കുന്ന ഭരണകൂടം മതങ്ങളുടെ രക്ഷയ്ക്കാണ് തങ്ങൾ നിലകൊള്ളുന്നതെന്ന് പറയുമ്പോൾ മറുവശത്ത് അവർ മതത്തിന്റെ പേരിൽ വിഭാഗീയത തീർക്കുകയാണ്. മതത്തിന്റെ മറവിൽ വിദ്വേഷം പ്രചരിപ്പിക്കുകയാണ് സംഘപരിവാർ ചെയ്യുന്നത്. മതമെന്നാൽ സ്നേഹമാണ്. മതസൗഹാർദ്ദത്തിലൂടെയാണ് രാജ്യം മുന്നോട്ടു പോകേണ്ടത്. മഹാത്മാഗാന്ധിയുടെ രാമരാജ്യമാണ് ഇത്. അല്ലാതെ അമിത്ഷായുടെയും മോദിയുടെയും കപടതയുടെ രാമരാജ്യമല്ല.ഗാന്ധിയുടെ രാമരാജ്യത്ത് എല്ലാ ജനങ്ങളും തുല്യരാണ്. അദാനിക്കും അംബാനിക്കും വേണ്ടിയുള്ള രാമരാജ്യമാണ് മോദിയും കൂട്ടരും നടപ്പാക്കുന്നത്. അതിനെതിരായ പോരാട്ടം ഓരോ ഇന്ത്യക്കാരന്റെയും ഉത്തരവാദിത്വമാണ്.

സ്നേഹത്തിന്റെയും തുല്യതയുടെയും രാഷ്ട്രീയമാണ് ഗാന്ധി മുന്നോട്ടുവച്ചത്. അതാണ് ഇന്ത്യയുടെ ആത്മാവും അടിസ്ഥാനവും. ആരെങ്കിലും മതത്തിന്റെ പേരിൽ വിദ്വേഷം തീർക്കുന്നു എങ്കിൽ അത് തെറ്റാണ്. മതം ഒരു കുടുംബം ആണെന്നാണ് പ്രവാചകൻ പറഞ്ഞിട്ടുള്ളത്. എല്ലാ മതങ്ങളും സമാനമായി ഒത്തൊരുമിച്ച് മുന്നോട്ടുപോകുന്നതിനെ പറ്റിയാണ് പറഞ്ഞിട്ടുള്ളത്. എന്നാൽ അതിനു വിപരീതമായാണ് രാജ്യത്തെ ഫാസിസ്റ്റ് ഭരണകൂടം നിലകൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനങ്ങൾക്ക് വേണ്ടിയുള്ള രാഷ്ട്രീയമാണ് മാധ്യമപ്രവർത്തകർ ഉയർത്തിക്കാട്ടേണ്ടതെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ പ്രമോദ് രാമൻ പറഞ്ഞു. മഹാത്മാഗാന്ധിയുടെ സത്യാന്വേഷണം പോലെ ധർമത്തിന് വേണ്ടിയുള്ള അന്വേഷണമാകണം മാധ്യമപ്രവർത്തകർ നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമപ്രവർത്തനം കച്ചവട മാർഗം ആകരുതെന്നും നീതിക്കുവേണ്ടിയുള്ള നിരന്തര പോരാട്ടം ആകണമെന്നും മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ അഭിലാഷ് മോഹൻ പറഞ്ഞു. കലാപത്തിന് തിരിതെളിക്കുന്നവരുടെ കൂട്ടത്തിലും ഭരണകൂടത്തിനു വേണ്ടി നിലകൊള്ളുന്നവർക്കൊപ്പവും മാധ്യമപ്രവർത്തകർ പക്ഷം പിടിക്കരുത്. ദേശീയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ട ഉത്തരവാദിത്വം മാധ്യമപ്രവർത്തകർക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധിയൻ ആദർശങ്ങളെ മുറുകെപ്പിടിച്ച് ഇന്ത്യയെ വീണ്ടെടുക്കുവാൻ കഴിയുമെന്ന് പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി വിനീത. ഗാന്ധിയുടെ ജീവിതം സത്യത്തിൽ അധിഷ്ഠിതമായിരുന്നുവെന്നും അവർ പറഞ്ഞു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. ഐ കെ രാജു, ഡോ. ടി എസ് ജോയ്, ഡോ. ജിന്റോ ജോൺ എന്നിവർ സംസാരിച്ചു.

Tags :
featuredkeralanews
Advertisement
Next Article