യു.കെയില്‍ വിലക്കയറ്റം രൂക്ഷം: തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രധാന ചര്‍ച്ചാ വിഷയം
ലണ്ടന്‍: യു.കെയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രധാന ചര്‍ച്ചാ വിഷയമായി വിലക്കയറ്റം. ഉയര്‍ന്ന പണപ്പെരുപ്പം മൂലം നിത്യോപയോഗ സാധനങ്ങളുടെ ഉള്‍പ്പടെ വില ഉയരുന്നതാണ് യു.കെയിലെ ജനങ്ങളെ ദുരിതത്തിലാക്കുന്നത്. കോവിഡ് 19ഉം, യുക്രെയ്ന് യുദ്ധവുമാണ് വിലക്കയറ്റത്തിനുള്ള പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്.
2024ലാണ് കേന്ദ്രബാങ്കിന്റെ ലക്ഷ്യമായ രണ്ട് ശതമാനത്തിലേക്ക് യു.കെയില്‍ പണപ്പെരുപ്പം എത്തിയത്. പണപ്പെരുപ്പം നിയന്ത്രണവിധേയമായെങ്കിലും വിലക്കയറ്റം ഇപ്പോഴും തുടരുകയാണ്. മുന്‍വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നിത്യോപയോഗ സാധനങ്ങള്‍ക്കായി അധിക തുക ചെലവഴിക്കേണ്ട സ്ഥിതിയിലാണ് യു.കെയിലെ ജനങ്ങള്‍.
മൂന്ന് വര്‍ഷം മുമ്പത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഭക്ഷ്യവസ്തുക്കളുടെ നിരക്ക് 31 ശതമാനം ഉയര്‍ന്നിട്ടുണ്ടെന്ന് നാഷണല്‍ സ്റ്റാറ്റസ്റ്റിക്സ് ഓഫീസിന്റെ കണക്കുകളില്‍ നിന്നും വ്യക്തമാകും. അരലിറ്റര്‍ പാലിന്റെ വില 0.29 ഡോളറാണ് ഉയര്‍ന്നത്. ഏകദേശം 55 ശതമാനം വില വര്‍ധനയാണിത്. പഞ്ചസാരയുടെ വില 63 ശതമാനവും ചിക്കന്റേത് 40 ശതമാനവും ഉയര്‍ന്നു.
യു.കെയില്‍ 2007 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ജി.ഡി.പി പ്രതിശീര്‍ഷ വരുമാനത്തില്‍ 4.3 ശതമാനത്തിന്റെ വര്‍ധന മാത്രമാണ് ഉണ്ടായത്. അതിന് മുമ്പത്തെ 16 വര്‍ഷത്തിനിടെ ഇത് 46 ശതമാനം വര്‍ധിച്ചിരുന്നു. യു.കെയില്‍ മാത്രമല്ല മറ്റ് പല രാജ്യങ്ങളിലും കോവിഡും യുക്രെയ്ന് യുദ്ധവും മൂലം ഭക്ഷ്യവസ്തുക്കളുടെ വില ഉയര്‍ന്നിട്ടുണ്ട്. എങ്കിലും കഴിഞ്ഞ രണ്ട് മാസമായി വിലക്കയറ്റത്തില്‍ നേരിയ കുറവുണ്ടായത് മാത്രമാണ് യു.കെയിലെ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നത്.