'തല മാറി'; ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കാൻ യുവതാരം ഋതുരാജ് ഗെയ്ക്വാദ്
ചെന്നൈ: ഐപിഎല്ലിന്റെ ഓപ്പണിങ് മാച്ച് നാളെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായി നടക്കാനിരിക്കെ ചെന്നൈ സൂപ്പർ കിംഗ്സിൽ 'തല മാറ്റം'. ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്റ്റൻ സ്ഥാനം മഹേന്ദ്ര സിംഗ് ധോണി ഒഴിഞ്ഞു. ഐപിഎല്‍ 2024 സീസണ്‍ നാളെ ആരംഭിക്കാനിരിക്കെയാണ് ധോണിയുടെ പിന്മാറ്റം. സിഎസ്കെയുടെ പുതിയ ക്യാപ്റ്റനായി യുവ താരം ഋതുരാജ് ഗെയ്ക്വാദിനെ തെരഞ്ഞെടുത്തു. 5 ഐപിഎല്‍ കിരീടങ്ങളാണ് ധോണിയുടെ നേതൃത്വത്തില്‍ സിഎസ്കെ ഇതുവരെ കരസ്ഥമാക്കിയിട്ടുള്ളത്. ഐപിഎല്ലിനു മുന്നോടിയായി നടന്ന ക്യാപ്റ്റൻമാരുടെ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി എത്തിയ ഋതുരാജിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് സിഎസ്കെ പുതിയ ക്യാപ്റ്റനായി ഋതുരാജിനെ തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കുകയായിരുന്നുഐപിഎല്ലില്‍ ആകെ 52 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഋതുരാജ് 2019 മുതല്‍ ചെന്നൈ സൂപ്പർ കിങ്സിന്റെ അവിഭാജ്യ ഘടകമാണ്. ഐപിഎല്ലില്‍ 133 വിജയങ്ങളുമായി ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ ക്യാപ്റ്റനാണ് ധോണി. മുൻ മുംബൈ നായകൻ രോഹിത് ശർമ 87 വിജയങ്ങളുമായി രണ്ടാം സ്ഥാനത്താണ്. ഈ സീസണിന്റെ അവസാനത്തോടെ ധോണി വിരമിക്കും എന്ന തരത്തിലുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്