പാർലമെന്റ് പ്രക്ഷുബ്ധം, പ്രതിപക്ഷം നടുത്തളത്തിലിറങ്ങി,
തൃണമുൽ എംപിക്കു സസ്പെൻഷൻ
ന്യൂഡൽഹി; പാർലമെന്റിലെ സുരക്ഷാ വീഴ്ചയുടെ പേരിൽ ലോക്സഭയും രാജ്യസഭയും ഇന്നു സ്തംഭിച്ചു. പല തവണ നിർത്തി വച്ചെങ്കിലും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും സഭയിൽ നേരിട്ടെത്തി മറുപടി പറയാതെ പ്രതിഷേധം തണുപ്പിക്കില്ലെന്ന് പ്രതിപക്ഷ അംഗങ്ങൾ അറിയിച്ചു. തുടർന്നാണ് ലോക്സഭയുടെയും രാജ്യസഭയുടെയും നടുത്തളത്തിലിറങ്ങി അംഗങ്ങൾ മുദ്രാവാക്യം മുഴക്കിയത്. അമിത് ഷാ നേരിട്ടെത്തി വിശദീകരണം നൽകണമെന്ന ആവശ്യവുമായി രാജ്യ സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച തൃണമുൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയാനെ സഭാധ്യക്ഷൻ ജഗ്ദീപ് ധൻകര് സസ്പെൻഡ് ചെയ്തു.
സഭാ നടപടികൾ നടത്തിക്കൊണ്ടു പോകാൻ അനുവദിക്കാതെ ചെയറിനെ തടസപ്പെടുത്തിയതിനാണു നടപടിയെന്നാണു വിശദീകരണം. എന്നാൽ ഡെറിക് ഒബ്രിയാനു പിന്തുണയുമായ കൂടുതൽ അംഗങ്ങൾ എത്തിയതോടെ രാജ്യസഭ കുറച്ചു നേരത്തേക്കു നിർത്തിവച്ചു. ഡെറിക് ഒബ്രിയാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ജനകീയ പ്രശ്നങ്ങൾ സഭയിൽ അവതരിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ടിഎംസി എംപി ദോലാ സെൻ അറിയിച്ചു. സസ്പെൻഷൻ നടപടി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സഭയിൽ നിന്നു പുറത്തു പോകണമെന്ന് ചെയർ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം കൂട്ടാക്കിയില്ല.