പോര്‍വിളിച്ച് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍: സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു
തിരുവനന്തപുരം: നിയമസഭയില്‍ പോര്‍വിളിച്ച് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍. ചോദ്യോത്തരവേള നിര്‍ത്തിവെച്ച് സഭ വീണ്ടും തുടങ്ങിയപ്പോഴാണ് പ്രക്ഷുബ്ധമായത്. സ്പീക്കറുടെ ഡയസില്‍ ബാനര്‍ കെട്ടിയ പ്രതിപക്ഷ അംഗങ്ങള്‍ ഇവിടേക്ക് കയറാനും ശ്രമിച്ചു. തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ നിയമസഭയില്‍ ഇന്ന് അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയിരുന്നു. ഇന്ന് ഉച്ചക്ക് 12 മണിക്ക് ചര്‍ച്ച നടത്താനായിരുന്നു അനുമതി. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സണ്ണി ജോസഫ് എം.എല്‍.എയാണ് നോട്ടീസ് നല്‍കിയത്. ഇതിലായിരുന്നു അനുമതി.
ചോദ്യോത്തരവേളയില്‍ പ്രതിപക്ഷം ഇറങ്ങി പോയതിന് ശേഷം വി.ഡി സതീശനെ ഏറ്റവും മോശം പ്രതിപക്ഷ നേതാവെന്ന് മുഖ്യമന്ത്രിയും പാര്‍ലമെന്ററികാര്യ മന്ത്രിയും വിശേഷിപ്പിച്ചു. സഭയില്‍ തിരിച്ചെത്തിയ പ്രതിപക്ഷ നേതാവ് ഇതിന് ശക്തമായ ഭാഷയില്‍ മറുപടി നല്‍കി. ദൈവവിശ്വാസിയായ താന്‍ മുഖ്യമന്ത്രിയെ പോലൊരു അഴിമതിക്കാരനാകരുതെയെന്നാണ് എല്ലാ ദിവസവും പ്രാര്‍ഥിക്കുന്നതെന്നായിരുന്നു വി.ഡി സതീശന്റെ മറുപടി. മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം വന്നതോടെ ഭരണപക്ഷ ബെഞ്ചുകളില്‍ നിന്നും ബഹളമുയര്‍ന്നു. ഇതിനിടെയാണ് സ്പീക്കര്‍ക്ക് മുന്നില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധമുണ്ടാവുകയും സഭ ഇന്നത്തേക്ക് പിരിയുകയും ചെയ്തത്.