ഐ.എസ്.ആര്‍.ഒയ്ക്ക് ചെലവഴിക്കുന്ന ഓരോ രൂപക്കും സമൂഹത്തിന് രണ്ടര രൂപ വീതം തിരികെ കിട്ടുമെന്ന് എസ്. സോമനാഥ്
ബംഗളൂരു: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിനായി (ഐ.എസ്.ആര്‍.ഒ) ചെലവഴിക്കുന്ന ഓരോ രൂപക്കും സമൂഹത്തിന് രണ്ടര രൂപ വീതം തിരികെ കിട്ടുമെന്ന് സമീപകാല പഠനങ്ങളില്‍നിന്ന് വ്യക്തമാണെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്. സോമനാഥ്. ബഹിരാകാശത്ത് മറ്റ് രാജ്യങ്ങളുമായി മത്സരിക്കുക എന്നതല്ല, ഇന്ത്യക്ക് വേണ്ടിയുള്ള സേവനം മികച്ചതാക്കുക എന്നതാണ് ഐ.എസ്.ആര്‍.ഒയുടെ ലക്ഷ്യം. കൂടുതല്‍ സ്വതന്ത്രമാകാന്‍ സ്‌പേസ് ടെക്‌നോളജിയില്‍ കൂടുതല്‍ ബിസിനസ് അവസരങ്ങള്‍ സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
''ചന്ദ്രനില്‍ പോകുകയെന്നത് ചെലവേറിയ കാര്യമാണ്. ഫണ്ടിങ്ങിനായി സര്‍ക്കാരിനെ മാത്രം ആശ്രയിക്കാനാകില്ല. ബിസിനസ് അവസരങ്ങള്‍ സൃഷ്ടിക്കണം. ദീര്‍ഘകാല നിലനില്‍പ്പിന് അത്തരം സാഹചര്യമുണ്ടാക്കണം. ബഹിരാകാശ രംഗത്തെ വ്യാപാര അവസരങ്ങളില്‍ ഉള്‍പ്പെടെ സ്വതന്ത്രമായ പ്രവര്‍ത്തന സാഹചര്യമാണ് വേണ്ടത് ഇല്ലെങ്കില്‍ കുറച്ചുകഴിയുമ്പോള്‍ അടച്ചുപൂട്ടാന്‍ പറഞ്ഞേക്കാം.
ഐ.എസ്.ആര്‍.ഒയുടെ പല പദ്ധതികളും ജനങ്ങള്‍ക്ക് നേരിട്ട് ഗുണപ്രദമാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്ന കാലാവസ്ഥ മുന്നറിയിപ്പ് വലിയ ഉദാഹരമാണ്. കടലിനെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ശേഖരിക്കുന്ന ഓഷ്യന്‍സാറ്റ് ഉപഗ്രഹം ഇതിനായി സഹായിക്കുന്നു. ഈ സേവനം ഉപയോഗിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് നല്ലപോലെ മീന്‍ കിട്ടുന്നുണ്ട്. ഒപ്പം ഡീസല്‍ ലാഭിക്കാനും സാധിക്കും. ഇത്തരത്തില്‍ വിവിധ മേഖലകളില്‍ ഐ.എസ്.ആര്‍.ഒയുടെ സേവനം ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്.