ആർബിഐ മുൻ ഗവർണർ എസ് വെങ്കിട്ട രമണ അന്തരിച്ചു
ചെന്നെെ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ ഗവർണർ എസ്.വെങ്കിട്ടരമണ അന്തരിച്ചു. 92 വയസ്സായിരുന്നു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. മക്കളുടെയും കുടുംബത്തിന്റെയുമൊപ്പം ചെന്നൈയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. 1990 മുതൽ1992 വരെ രണ്ട് വർഷക്കാലം റിസർവ് ബാങ്ക് ഗവർണറായിരുന്നു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 18-ആമത്തെ ഗവർണറായിരുന്നു എസ്. വെങ്കിട്ടരമണൻ.
1985 മുതൽ 1989 വരെ ധനമന്ത്രാലയത്തിൽ ധനകാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്നു. ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ അംഗമായിരുന്ന അദ്ദേഹം, ഗവർണറായി നിയമിക്കുന്നതിന് മുമ്പ് കർണാടക സർക്കാരിന്റെ ധനകാര്യ സെക്രട്ടറിയും ഉപദേഷ്ടാവുമായിരുന്നു.
വിദേശനാണ്യ കരുതൽ ശേഖരം വെറും രണ്ട് മാസത്തെ ഇറക്കുമതി മൂല്യമുള്ള താഴ്ന്ന നിലയിലെത്തുകയും, വിദേശമേഖലയിൽ രാജ്യം അഭൂതപൂർവമായ ബുദ്ധിമുട്ടുകൾ നേരിടുകയും ചെയ്യുന്ന സമയത്താണ് വെങ്കിട്ടരാമൻ ഗവർണറായി സേവനമനുഷ്ഠിക്കുന്നത്. ഗിരിജ, സുധ എന്നിവർ മക്കളാണ്.
വിദേശ വായ്പാ തിരിച്ചടവിൽ ഉൾപ്പെടെ രാജ്യം വലിയ പ്രതിസന്ധി നേരിട്ട കാലത്ത് റിസർബാങ്കിനെ നയിച്ച വ്യക്തി എന്നാണ് ആർബിഐ വെങ്കിട്ടരമണന്റെ മരണവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ പരാമർശിച്ചിട്ടുള്ളത്. ബാലൻസ് ഓഫ് പേയ്മെന്റ് പ്രതിസന്ധിയിൽ രാജ്യം വലഞ്ഞ സമയത്ത് വെങ്കിട്ടരമണന്റെ നയങ്ങൾ ഗുണം ചെയ്‌തെന്നും 'ആർബിഐ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.