ശബരിമല തീർഥാടനക്കാര്യത്തിൽ സർക്കാരിന് തികഞ്ഞ അനാസ്ഥ; രമേശ് ചെന്നിത്തല
തിരുവന്തപുരം: ശബരിമല തീർഥാടനക്കാര്യത്തിൽ സർക്കാർ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത് എന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല . ഇത്രയും ഭക്തജനത്തിരക്കുള്ള സ്ഥലത്ത് മണിക്കൂറുകളോളം പവർ കട്ട് ഉണ്ടാവുക എന്നത് അംഗീകരിക്കാനാവില്ല. മണ്ഡലക്കാലം അല്ലാതിരുന്നിട്ടു പോലും കഴിഞ്ഞ നാലു ദിവസങ്ങളായി അഭൂതപൂർവമായ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. ഭക്തർ അഞ്ചും ആറും മണിക്കൂറുകൾ ദർശനത്തിനായി ക്യൂ നിൽക്കേണ്ടി വരുന്നു. ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ വേണ്ട സംവിധാനങ്ങൾ ശബരിമലയിൽ ഏർപ്പെടുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. ആവശ്യത്തിന് പോലീസിനെ സന്നിധാനത്ത് നിയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.പരിചയസമ്പന്നരായ പോലീസ് ഉദ്യോഗസ്ഥരെ ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ നിയോഗിക്കണമെന്ന് ആവർത്തിച്ച് സർക്കാരിനോട് ആവശ്യപ്പെട്ടതാണ്. എന്നാൽ ശബരിമലയിൽ ഭക്തർ സന്തോഷത്തോടെ ദർശനം നടത്തി മടങ്ങുന്നതിൽ സർക്കാരിന് താൽപര്യമില്ലാത്തതു പോലെയാണ് കാര്യങ്ങൾ. വർഷങ്ങളായി ശബരിമലയിൽ വൻ ഭക്തജനക്കൂട്ടമാണ് എത്തുന്നത്. എന്നാൽ കഴിഞ്ഞ ഒന്നു രണ്ടു വർഷത്തേപ്പോലെ തിരക്കു നിയന്ത്രിക്കാൻ സംവിധാനങ്ങൾ പൂർണമായും പരാജയപ്പെട്ട അവസ്ഥ മുമ്പുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.
അതെസമയം മണ്ഡലക്കാലം തുടങ്ങും മുമ്പുള്ള മാസങ്ങളിൽ ഇതാണ് സ്ഥിതിയെങ്കിൽ മണ്ഡലക്കാലത്ത് എങ്ങിനെയാണ് ഇവർ തിരക്ക് നിയന്ത്രിക്കാൻ പദ്ധതിയിടുന്നത് എന്ന് രമേശ് ചെന്നിത്തല ചോദിച്ചു.