മണ്ഡലകാല തീർഥാടനത്തിനായി ശബരിമല നട തുറന്നു
പമ്പ: മണ്ഡലകാല തീർഥാടനത്തിനായി ശബരിമല നട തുറന്നു. വൈകുന്നേരം നാലിനാണ് നട തുറന്നത്. പിന്നീട് മേൽശാന്തി പതിനെട്ടാംപടി ഇറങ്ങി താഴെ എത്തി ആഴി തെളിയിച്ചതോടെ 41 നാൾ നീളുന്ന മണ്ഡലകാല തീർഥാടനത്തിനു തുടക്കമായി.
മേൽശാന്തി താഴെ കാത്തുനിൽക്കുന്ന നിയുക്ത ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ കൈപിടിച്ച് പതിനെട്ടാംപടി കയറ്റി. പിന്നാലെ ഭക്തരും പടി ചവിട്ടിത്തുടങ്ങി.
ശബരിമല മേൽശാന്തിയായി എസ്. അരുൺ കുമാർ നമ്പൂതിരിയുടെ അഭിഷേക ചടങ്ങുകൾ വൈകുന്നേരം ശബരിമല സന്നിധാനത്ത് ആരംഭിക്കും. തന്ത്രി കണ്ഠര് രാജീവരുടെ കാർമി കത്വത്തിലാണ് ചടങ്ങുകൾ. നിയുക്ത മേൽശാന്തിയെ അഭിഷേകം ചെയ്‌ത് അവരോധിച്ചശേഷം ശ്രീകോവിലിനുള്ളിലെത്തിച്ച് മൂലമന്ത്രം ഓതിക്കൊടുക്കും.മാളികപ്പുറത്ത് പുതിയ മേൽശാന്തി വാസുദേവൻ നമ്പൂതിരിയുടെ അഭിഷേകവും പിന്നാലെ തന്ത്രിയുടെ കാർമികത്വത്തിൽ നടക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തനും സന്നിഹിതനാകും. മേൽശാന്തി മഹേഷ് നമ്പൂതിരി നട അടച്ച് താക്കോൽ ദേവസ്വം അധികൃതരെ ഏല്പിക്കുന്നതോടെ ഒരുവർഷത്തെ അയ്യപ്പപൂജ പൂർത്തിയാക്കി അദ്ദേഹത്തിനു മലയിറങ്ങാം.
ശനിയാഴ്ച വൃശ്ചികപ്പുലരിയിൽ പുതിയ മേൽ ശാന്തിമാർ നടതുറക്കും. തുടർന്നുള്ള ഒരുവർഷം നിയുക്ത ശബരിമല, മാളികപ്പുറം മേൽശാന്തിമാർ ശബരിമലയിൽ പൂജാകർ മങ്ങൾ നിർവഹിക്കും. ശനിയാഴ്ച മുതൽ പുലർച്ചെ മൂന്നിനാണ് നട തുറക്കുന്നത്.