ശബരിമല തീർഥാടകൻ പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ടു മരിച്ചു
പത്തനംതിട്ട: പമ്പാനദിയിൽ കുളിക്കാനിറങ്ങിയ ശബരിമല തീർഥാടകൻ ഒഴുക്കിൽപ്പെട്ടു മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം കിഴക്കുവാര സ്വദേശി ആഷിൽ (22) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ റാന്നി മാടമൺ കടവ് ക്ഷേത്രത്തോടുചേർന്ന പ്രദേശത്തായിരുന്നു
അപകടം.ഒമ്പതംഗ സംഘത്തിനൊപ്പമാണ് ആഷിൽ ശബരിമല ദർശനത്തിനു പോയത്. ദർശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് പോകുന്ന വഴി മാടമൺ കടവ് ക്ഷേത്രത്തിനു സമീപം പമ്പയാറ്റിൽ കുളിക്കാനിറങ്ങിയതായിരുന്നു ഒമ്പതംഗ സംഘം. ഒമ്പത് പേരും തിരുവനന്തപുരം സ്വദേശികളാണ്.
കുളിക്കാനിറങ്ങിയ സമയത്ത് കാൽവഴുതി ആഷിൽ കയത്തിലേക്ക് താഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ റാന്നി പോലീസിനെയും ഫയർ ഫോഴ്സിനെയും വിവരം അറിയിച്ചു. ഇവരെത്തി തിരച്ചിൽ നടത്തിയെങ്കിലും ആഷിലിനെ കണ്ടെത്താനായില്ല. ഒടുവിൽ ഉച്ചയോടെ മൃതദേഹം ലഭിക്കുകയായിരുന്നു. പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.